ഒരു മാസത്തിനുള്ളിൽ കുവൈറ്റിൽ നിന്നും നാടു കടത്തിയത് 2,700 പ്രവാസികളെ.
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ ജനറൽ അഡ്മിനിസ്ട്രേഷനിലെ നാടുകടത്തൽ, താൽക്കാലിക തടങ്കൽ കാര്യവകുപ്പ് ഏപ്രിലിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2700 പ്രവാസികളെ നാടുകടത്തി. അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ജുഡീഷ്യൽ നാടുകടത്തൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ള പ്രവാസികളെ നാടുകടത്താനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും, ത്വരിതഗതിയിൽ ഇത് സാധ്യമാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
റസിഡൻസി നിയമം ലംഘിച്ചതായി തെളിയിക്കപ്പെട്ടവർ, നിയമവിരുദ്ധ തൊഴിലാളികൾ, മൂന്നാം കക്ഷികൾക്ക് വേണ്ടി ജോലി ചെയ്യുന്നവർ, നിയമത്തിന്റെ പരിധിക്ക് പുറത്തുള്ളവർ, എന്നിവരെ അറസ്റ്റ് ചെയ്യുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ കാമ്പയിനുകൾ തുടരുകയാണെന്നും, മെയ് 11 മുതൽ 18 വരെ റസിഡൻസി നിയമം ലംഘിച്ച 1084 പേരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം നാടുകടത്തിയതായി മന്ത്രാലയം കഴിഞ്ഞാഴ്ച ഒരു പത്രക്കുറിപ്പിൽ പ്രഖ്യാപിച്ചിരുന്നു. ജോലിയെയും, റസിഡൻസിയെയും നിയന്ത്രിക്കുന്ന നിയമങ്ങളും, ചട്ടങ്ങളും, ലംഘിക്കാൻ ധൈര്യപ്പെടുന്ന ആരെയും പിന്തുടരുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഉത്തരവാദിത്വം ജീവനക്കാരനും, തൊഴിലുടമയ്ക്കും ബാധകമാണെന്നും, റസിഡൻസി നിയമം ലംഘിക്കുന്നവരെയും നിയമവിരുദ്ധ തൊഴിലാളികളെയും പിടികൂടുന്നതിനായി മന്ത്രാലയത്തിലെ വിവിധ മേഖലകൾ സുരക്ഷാ ക്യാമ്പയി നുകൾ തുടർന്നും നടത്തുന്നുണ്ടെന്നും അവരെ നാടുകടത്തൽ വകുപ്പിലേക്ക് റഫർ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. തടങ്കലിൽ വയ്ക്കുമ്പോൾ മാനുഷിക പരിഗണനകൾ കണക്കിലെടുത്ത് അവരെ നാടുകടത്തൽ വകുപ്പിലേക്ക് റഫർ ചെയ്യുന്നതായും അധികൃതർ പറഞ്ഞു.
What's Your Reaction?