കാസർകോട് ബട്ടംപാറയിൽ ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ബട്ടംപാറയിൽ ഡോക്ടറെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണ തീയേറ്ററിന് സമീപം താമസിച്ചിരുന്ന വെർക്കാടി കോണിബയൽ സ്വദേശിയായ ഡോ. രാജേന്ദ്ര ഷെട്ടി (73) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് വീട്ടിലെ കുളിമുറിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഒറ്റയ്ക്കാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഫോണിൽ പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പള്ളം പൊതുശ്മശാനത്തിൽ സംസ്കരിക്കും.
അവിവാഹിതനായ ഡോ. രാജേന്ദ്ര ഷെട്ടി കഴിഞ്ഞ 16 വർഷമായി ബട്ടംപാറയിലെ വീട്ടിലായിരുന്നു താമസം. കാസർകോട് കിംസ് ആശുപത്രിയിലും ചെങ്കള ഇ.കെ. നായനാർ സഹകരണ ആശുപത്രിയിലും ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി വിശ്രമജീവിതത്തിലായിരുന്നു.
പരേതരായ സീതാരാമ ഷെട്ടിയുടെയും സുന്ദരി ഷെട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: മല്ലിക ചൗട്ട, ഷക്കീല റായി, ചന്ദ്രിക ഹെഗ്ഡെ, പരേതരായ കുശാൽനാഥ്, ഡോ. രവീന്ദ്ര ഷെട്ടി.
What's Your Reaction?