കട്ടിലിനടിയിൽ സൂക്ഷിച്ച 3.8 കിലോ കഞ്ചാവ്; പ്രതിക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും

Jul 29, 2026 - 13:57
 0
കട്ടിലിനടിയിൽ സൂക്ഷിച്ച 3.8 കിലോ കഞ്ചാവ്; പ്രതിക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും

കാസർകോട്: വീട്ടിലെ കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന 3.800 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും ₹20,000 പിഴയും ശിക്ഷ വിധിച്ചു. മഞ്ചേശ്വരം മീഞ്ച മിയാപ്പദവ് ലക്ഷംവീട് കോളനിയിലെ വിൻസന്റ് ഡിസൂസ (38)യെയാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി-2 ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2026 ജൂൺ 15-ന് വൈകുന്നേരം നാലുമണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിൻസന്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന 3.800 കിലോ കഞ്ചാവ് പോലീസ് കണ്ടെത്തിയത്.

മഞ്ചേശ്വരം എസ്.ഐ. ബാലചന്ദ്രൻ, എ.എസ്.ഐ. രാമചന്ദ്രൻ, പോലീസുകാരായ കെ. മനു, അഭിജിത്ത്, മോഹൻ, കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി കഞ്ചാവ് പിടിച്ചെടുത്തത്.

തുടർന്ന് ഇൻസ്പെക്ടർമാരായ അനൂപ് കുമാർ, കെ.പി. ഷൈൻ എന്നിവർ അന്വേഷണം നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ ദാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർമാരായ ജി. ചന്ദ്രമോഹനും ചിത്രകലയും ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow