കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശിയായ ഓവർസിയർ കൊച്ചിയിൽ പിടിയിലായി

Feb 25, 2026 - 13:48
 0
കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശിയായ ഓവർസിയർ കൊച്ചിയിൽ പിടിയിലായി

കാഞ്ഞങ്ങാട്: കെട്ടിട നമ്പർ അനുവദിക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ ഓവർസിയറെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി. ദീപേഷ് കുമാറാ(40) ണ് ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെ എറണാകുളം കലക്ടറേറ്റിന് സമീപത്ത് അറസ്റ്റിലായത്. കൊച്ചി സ്വദേശിയായ ബിസിനസുകാരന്റെ പരാതിയിലാണ് വിജിലൻസ് നടപടി. ഇയാൾ കരിമുകളിൽ കോടികൾ ചെലവിട്ട് 55000 സ്ക്വയർ ഫീറ്റിൽ വലിയ ഗോഡൗൺ നിർമ്മാണം പൂർത്തിയാക്കി കെട്ടിട നമ്പറിനായി അപേക്ഷ നൽകിയിരുന്നു. ഇതു സംബന്ധിച്ച പരിശോധനയ്ക്കായി ഓവർസിയർ ദീപേഷാണ് സ്ഥലത്തെത്തിയത്. പരിശോധനയ്ക്ക് ശേഷം പ്ലാനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് അനുമതി നൽകാൻ തയ്യാറായില്ലത്രേ. ഇതിനുശേഷം ദീപേഷിനെ വിളിച്ച് പരാതിക്കാരനോട് കാക്കനാട് എത്താൻ ആവശ്യപ്പെടുകയായിരുന്നു. 20 ലക്ഷം രൂപ നൽകിയാൽ കെട്ടിട നമ്പർ ഇടാമെന്ന് ഉറപ്പു നൽകിയതായും പറയുന്നു. പലതവണ നടത്തിയ വിലപേശലിനൊടുവിൽ 15 ലക്ഷം രൂപയിൽ ഉറപ്പിച്ചു. ഇതുപ്രകാരം കാക്കനാട് തെങ്ങോട് താമസിക്കുന്ന ദീപേഷ് പരാതിക്കാരനോട് ചൊവ്വാഴ്ച രാത്രി 7:30 ക്ക് കലക്ടറേറ്റിന് സമീപത്തു എത്തുവാൻ ആവശ്യപ്പെടുകയായിരുന്നു. അഞ്ചുലക്ഷം രൂപ പണമായും 10 ലക്ഷം രൂപ ചെക്കായും നൽകണം എന്നായിരുന്നു ദീപേഷ് അറിയിച്ചിരുന്നത്. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. നോട്ടിനും ചെക്കിനും രാസവസ്തു പുരട്ടിയശേഷം ഇവ പരാതിക്കാരന് കൈമാറി. കാലെത്തിയ പരാതിക്കാരനെ തന്റെ വണ്ടിയിൽ കയറ്റിയിരുത്തി പണം എണ്ണി തിട്ടപ്പെടുത്തിയതിനു ശേഷം ലാപ്ടോപ്പിലൂടെ കെട്ടിടം നമ്പർ അനുവദിക്കുകയായിരുന്നു. ഇതിനിടയിൽ വിജിലൻസ് ഡിവൈഎസ്പി ടി എം വർഗീസും സംഘവും എത്തി കൈയോടെ പിടികൂടുകയായിരുന്നു. ദീപേഷ് കാറിൽ നിന്നും ഇറങ്ങിയ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow