ഗവി കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

Jun 19, 2026 - 07:06
 0
ഗവി കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

പത്തനംതിട്ട: ഗവി വനമേഖലയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ അറസ്റ്റിലായ പ്രതി വിനോദിനെ റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ബലാത്സംഗക്കുറ്റം പ്രതി നിഷേധിച്ചിട്ടുണ്ടെങ്കിലും, ഇൻക്വസ്റ്റ് നടപടികളിൽ മൃതദേഹത്തിൽ വലിച്ചിഴച്ചതിന്റെ പാടുകളും മറ്റ് മുറിവുകളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലങ്ങളും ലഭിക്കുന്നതോടെ മരണത്തിന്റെ യഥാർഥ കാരണത്തിലും മറ്റ് സാഹചര്യങ്ങളിലും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.

വാക്കുതർക്കത്തിനിടെ യുവതിയെ തള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണപ്പെട്ടുവെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് യുവതി വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള അങ്കണവാടിയിലേക്ക് ജോലിക്കായി പുറപ്പെട്ടത്. അങ്കണവാടിയിൽ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാരും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഗവി വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വച്ച് വനപാലകർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ ദൃക്സാക്ഷി പൊലീസിന് നൽകിയ വിവരം നിർണായകമായി. പ്രതി കുമളി ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow