നിയമസഭാ തിരഞ്ഞെടുപ്പ്; കാസർകോട് ജില്ലയിൽ ഏപ്രിൽ 10 വരെ നിരോധനാജ്ഞ
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി കാസർകോട് ജില്ലയിൽ ഏപ്രിൽ 10 രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ അർജുൻ പാണ്ഡ്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയിൽ ക്രമസമാധാനം നിലനിർത്തുന്നതിനുമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. നിരോധന കാലയളവിൽ ജില്ലയിൽ അനധികൃത സംഘംചേരലുകൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവയ്ക്ക് അനുമതി ഉണ്ടായിരിക്കില്ല.
മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരോ പ്രചാരകരോ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറിനുള്ളിൽ മണ്ഡലത്തിൽ തുടരാൻ പാടില്ല. കൂടാതെ ലൗഡ് സ്പീക്കറുകളുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷകരും ഒഴികെ മറ്റാർക്കും മൊബൈൽ ഫോണുകളോ വയർലെസ് ഉപകരണങ്ങളോ ഉപയോഗിക്കാൻ അനുമതിയില്ല. പോളിംഗ് സ്റ്റേഷനുകളുടെ 100 മീറ്റർ പരിധിയിൽ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
അതേസമയം, പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെയും ജോലിയെയും ഈ ഉത്തരവ് ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ, മറ്റ് സ്വകാര്യ ആഘോഷങ്ങൾ എന്നിവയ്ക്കും വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനും നിയന്ത്രണങ്ങൾ ബാധകമല്ല. കൂടാതെ വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂറിൽ വീടുകളിൽ കയറി നടത്തുന്ന പ്രചാരണങ്ങൾക്കും തടസ്സമുണ്ടാകില്ല. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 206 പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
What's Your Reaction?