റാപ്പർ വേടനെതിരെ കൂടുതൽ ബലാത്സംഗ പരാതികൾ.

Aug 18, 2025 - 12:27
 0
റാപ്പർ വേടനെതിരെ കൂടുതൽ ബലാത്സംഗ പരാതികൾ.

കൊച്ചി: റാപ്പർ വേടനെതിരെ കൂടുതൽ ബലാത്സം​ഗ പരാതികൾ. രണ്ട് യുവതികളാണ് വേടൻ ലൈം​ഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വിവാഹ വാ​ഗ്ദാനം നൽകി നിരവധി തവണ ബലാത്സംഗം ചെയ്തെന്ന ലേഡി ഡോക്ടറുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വേടനെതിരായ കൂടുതൽ പരാതികൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ രണ്ടു യുവതികളും സമയം തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി യുവതികൾ ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ചപ്പോൾ തന്നെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ഒരു യുവതിയുടെ പരാതി. എതിർത്തപ്പോൾ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് രണ്ടാമത്തെ പരാതിക്കാരി. തന്റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായാണ് വേടൻ ബന്ധം സ്ഥാപിച്ചതെന്ന് ഈ യുവതി പറയുന്നു. തുടർന്ന് വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതിയിൽ ആരോപിക്കുന്നത്. 2020-2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും നടന്നത്. അന്ന് വേടനെതിരായി രണ്ടു യുവതികളും മീടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു. നേരത്തെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിലാണ് മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ചശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow