ഗഫൂർ ഹാജി വധം: നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു.

2023 ഏപ്രിൽ 14 ന് പുലർച്ചെയാണ് പ്രവാസി വ്യവസായിയായ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Jan 11, 2025 - 00:01
 0
ഗഫൂർ ഹാജി വധം:  നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു.

കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം സി ഗഫൂർ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്റിലുള്ള നാല് പ്രതികളെയും കോടതി അന്വേഷണ സംഘത്തിനെ ഏഴു ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടുകൊടുത്തു. 

 ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ക്രൈം ബ്രാഞ്ച് അന്വേഷണസംഘം നേരത്തെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഹോസ്ദുർഗ്ഗ് ജൂഡീഷ്യൽ ഒന്നാം ക്ലാസ് രണ്ട് കോടതിയെ സമീപിച്ചിരുന്നു.

 എന്നാൽ കസ്റ്റഡിയിൽ കിട്ടിയില്ല. തുടർന്ന് അന്വേഷണസംഘം ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ജില്ലാ കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇന്നലെ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ അറസ്റ്റിലായ ദിവസം കോടതി ഏതാനും ദിവസം കസ്റ്റഡിയിൽ നൽകിയിരുന്നു. തെളിവെടുപ്പിന് ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിക്കുകയായിരുന്നു.

 വൻ സുരക്ഷയിൽ ആണ് പ്രതികളെ ജയിലിൽ നിന്നും കോടതിയിൽ എത്തിച്ചത്. പ്രതികളെ കണ്ണൂരിലെ ജ്വല്ലറിയിലും കാസർകോട് ഉൾപ്പെടെ എത്തിച്ചു തെളിവെടുപ്പ് നടത്തും. 2023 ഏപ്രിൽ 14ന് പുലർച്ചയാണ് പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

 വീട്ടുകാരുടെയും, ബന്ധുക്കളുടെയും കയ്യിൽ നിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ ആഭരണങ്ങൾ കാണാനില്ലെന്ന് ഇതിനുപിറകെ വീട്ടുകാർക്ക് ബോധ്യപ്പെട്ടു. ഇതോടെ മരണത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതേ തുടർന്ന് മൃതദേഹം ഏപ്രിൽ 28ന് കബറിടത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ല.

 ആദ്യം ബേക്കൽ ഡിവൈഎസ്പിയും സംഘവുമാണ് കേസ് അന്വേഷിച്ചത്. പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവർ ബന്ധുവീട്ടിൽ ഉണ്ടായിരുന്ന ദിവസമാണ് ഗഫൂർ ഹാജി മരിച്ചത് നഷ്ടപ്പെട്ട 550 പവനിലേറെആഭരണം ഇനിയും കണ്ടെത്താനുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow