നുള്ളിപ്പാടിയിലെ കൊലപാതകം; കടം വാങ്ങിയ രണ്ടായിരം രൂപ തിരിച്ചു നൽകാത്തതിലുള്ള വിരോധം
കാസർകോട്: നുള്ളിപ്പാടിയിൽ ദേശീയപാതയോരത്തെ കെട്ടിടത്തിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ലിഫ്റ്റ് കുഴിയിലേക്ക് തള്ളിയ സംഭവത്തിൽ പ്രതിയുടെ മൊഴി ഞെട്ടിക്കുന്നത്. കടം നൽകിയ രണ്ടായിരം രൂപ തിരികെ നൽകാത്തതിന്റെ വിരോധത്തിലാണത്രെ പ്രതി സുഹൃത്തിനെ തലക്കടിച്ചു കൊന്നത്. കർണാടകയിലെ കുണ്ടുകോൾ സ്വദേശിയായ എച്ച്. മഞ്ജുനാഥയെന്ന(മഞ്ചപ്പ 45) നെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കർണാടക ഗദക് ജില്ലയിലെ ബാലേശ്വര ബാല ഹൊസുരിൽ നിന്നുള്ള ചന്ദ്രശേഖർ സുരേഷ് പട്ടാട്ട് (38) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 10-ാം തീയതി രാത്രി 10 മണിക്ക് ആയിരുന്നു കൊലപാതകം നടന്നത്. രാത്രി സമയത്ത് കെട്ടിട ഉടമയുടെ മകൻ സ്ഥലത്തെത്തിയപ്പോഴാണ് ലിഫ്റ്റ് സ്ഥാപിക്കാൻ തയ്യാറാക്കിയ കുഴിയിലേക്ക് തള്ളിയ മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്ത് രക്തക്കറകളും പിടിവലി നടന്നതിൻ്റെ വ്യക്തമായ അടയാളങ്ങളും കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കേന്ദ്രീകരിച്ച് വിവരശേഖരണം നടത്തി. സ്ഥലത്ത് നിന്നും ലഭിച്ച ആധാർ കാർഡാണ് അന്വേഷണത്തിന് നിർണ്ണായക സൂചനയായി മാറിയത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയ പോലീസ്, വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതക കാരണം പോലീസിന്ന് മുമ്പിൽ വ്യക്തമാക്കിയത്.
What's Your Reaction?