പനയാലിൽ 2000 വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി

Mar 2, 2026 - 18:18
 0
പനയാലിൽ 2000 വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി

ബേക്കൽ: പള്ളിക്കര പഞ്ചായത്തിലെ പനയാലിൽ 2000 വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. പനയാൽ കളിങ്ങോത്ത് മീത്തൽ വീട് കൂക്കൾ തറവാടിനു സമീപത്തെ എം മധുസൂദനൻ നമ്പ്യാർ -എം പാർവതി അമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് ചെങ്കല്ലറ കണ്ടെത്തിയത്. നാട്ടുകാരനായ ചന്ദ്രൻ പനയാൽ അറിയിച്ചതിനെത്തുടർന്ന് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് അധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോക്ടർ നന്ദകുമാർ കോറോത്ത് സ്ഥലത്തെത്തി. മഹാശില സംസ്കാരത്തിന്റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറയാണ് പനയാലിൽ കണ്ടെത്തിയതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പാറ തുരന്ന് വൃത്താകൃതിയിൽ നിർമ്മിച്ച ചെങ്കല്ലറയുടെ ഉൾഭാഗത്തുനിന്ന് പുറത്തേക്കുള്ള കവാടം അടച്ചുവെച്ച നിലയിലാണ്. പ്രാദേശികമായി മുനിയറ, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ, നിധിക്കുഴി, കൽപ്പത്തായം എന്നീ പേരുകളിലും ചെങ്കല്ലറകൾ അറിയപ്പെടുന്നുണ്ട്. മഹാശിലായുഗ കാലത്തെ മറ്റൊരു ശിലാസ്മാരകമായ കുടക്കല്ലുകൾ സമീപപ്രദേശമായ മുനക്കല്ല്, കരിപ്പാടകം, കൊളത്തൂർ എന്നിവിടങ്ങളിൽ ഇപ്പോഴുമുണ്ട്. ചെങ്കല്ലറ സംരക്ഷിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസർ കെ രാജൻ തുടങ്ങിയവർ സ്ഥലത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow