മുക്കത്ത് വൻ മയക്കുമരുന്ന് വേട്ട; 2.803 കിലോ എംഡിഎംഎ സഹിതം രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: മുക്കത്ത് വൻ മയക്കുമരുന്ന് വേട്ടയിൽ 2.803 കിലോ എംഡിഎംഎ സഹിതം രണ്ട് പേർ അറസ്റ്റിലായി. മുക്കം, പൂളപ്പൊയിൽ, പുല്ലമ്പാടി പറമ്പിൽ പി. മുഹമ്മദ് ഹനീഫ (36), കോഴിക്കോട് ബേപ്പൂർ സ്വദേശിനി റൈഹാനത്ത് (45) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ടി. ഉത്തംദാസ്, താമരശ്ശേരി ഡിവൈഎസ്പി പി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികൾ നടത്തിയത്. കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
ആദ്യം ഹനീഫയിൽ നിന്ന് 517 ഗ്രാം എംഡിഎംഎ പിടികൂടി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ മുത്താലത്തെ വാടകവീട്ടിൽ കൂടുതൽ ലഹരി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 2.28 കിലോ എംഡിഎംഎ കൂടി കണ്ടെത്തി. ഇതോടെ ആകെ 2.803 കിലോ എംഡിഎംഎയാണ് പിടിച്ചെടുത്തത്.
പരിശോധനയ്ക്കിടെ വീട്ടിലുണ്ടായിരുന്ന റൈഹാനത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് എംഡിഎംഎയ്ക്ക് പുറമേ നോട്ടെണ്ണൽ മെഷീനും പാക്കിംഗ് കവറുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ആറ് മാസം മുമ്പ് ഹനീഫ വാടകയ്ക്ക് എടുത്ത വീടാണ് ലഹരി സംഭരണത്തിനും പാക്കിംഗിനും ഉപയോഗിച്ചിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഒഡീഷയിൽ നിന്ന് കന്നുകാലികളെ ആന്ധ്രയിലേക്ക് കൊണ്ടുപോയി വിൽപ്പന നടത്തി വരികയായിരുന്ന ഹനീഫ പിന്നീട് ലഹരി ഇടപാടിലേക്ക് തിരിഞ്ഞതായും പൊലീസ് പറയുന്നു.
ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും മുക്കം പൊലീസും ചേർന്നാണ് പരിശോധനയും അറസ്റ്റും നടത്തിയത്. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
What's Your Reaction?