വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പത്താംക്ലാസുകാരൻ മരിച്ചു.
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പത്താംക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. കഴിഞ്ഞ ദിവസം ട്യൂഷൻ സെൻ്ററിൽ നടന്ന ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.അതേസമയം കൊല്ലണമെന്ന ഉദ്ദേശത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമം ആണെന്നാണ് ഷഹബാസിൻ്റെ പിതാവ് ആരോപിച്ചത്. ഈ ആരോപണങ്ങൾ സാധൂകരിക്കുന്ന ഇൻസ്റ്റാഗ്രാം ചാറ്റ് പുറത്ത് വന്നിട്ടുണ്ട്. "ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും. കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല, കേസെടുക്കില്ല പോലീസ്” തുടങ്ങി അക്രമിസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
What's Your Reaction?