ശൈശവ വിവാഹം; പിതാവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: എടച്ചാക്കൈ അഴീക്കാൽ ജുമാമസ്ജിദുമായി ബന്ധപ്പെട്ട് ശൈശവ വിവാഹം നടന്നെന്ന പരാതിയിൽ നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്ന് ചന്തേര പൊലീസാണ് നടപടി സ്വീകരിച്ചത്.
ഏപ്രിൽ 13-ന് നടന്നതായി പറയുന്ന സംഭവത്തിൽ, എടച്ചാക്കൈ ബദർ നഗറിലെ 28കാരനായ ഷാബിർ ഷെയ്ഖ്, പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമപഞ്ചായത്ത് അംഗവും ജുമാമസ്ജിദ് സെക്രട്ടറിയുമായ പി കെ താജുദ്ദീൻ, മസ്ജിദ് ഉസ്താദ് റഹ്മത്തുള്ള എന്നിവർ പ്രതികളായി.
പ്രവാസിയായ യുവാവ് 16കാരിയെ വിവാഹം ചെയ്തെന്ന പരാതിയാണ് ഉയർന്നത്. ശൈശവ വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ജില്ലാ ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിലും ശൈശവ വിവാഹം നടന്നതായി വ്യക്തമാക്കുന്നുണ്ട്.
പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനാകാത്തതിനാൽ അവൾ താമസിക്കുന്ന പ്രദേശത്തെ മഹല്ല് കമ്മിറ്റി വിവാഹത്തിന് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് വരന്റെ നാട്ടിൽ വെച്ചാണ് വിവാഹം നടത്തിയതെന്നാണ് സൂചന. സംഭവത്തെതിരെ പ്രദേശത്തെ ചില യുവാക്കൾ രംഗത്തെത്തിയതോടെയാണ് വിഷയം പുറത്തറിയുന്നത്.
What's Your Reaction?