സൈബർ തട്ടിപ്പ്; 9 ലക്ഷം തിരിച്ചു പിടിച്ച് കാസർഗോഡ് സൈബർ പോലീസ്.
കാസർഗോഡ്: സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓഹരി വിപണിയിൽ ഷെയർ തരാം എന്ന് വിശ്വസിപ്പിച്ചു 9 ലക്ഷം തട്ടിയ സംഘത്തിൽ നിന്ന് പണം തിരികെ പിടിച്ച് കാസർകോട് സൈബർ പോലീസ് അഭിമാനമായി. പടന്ന സ്വദേശിയുടെ പണമാണ് സൈബർ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് സംഭവം. സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് എച്ച് സി എൽ ടെക് എന്ന കമ്പനിയുടെ ഓഹരികൾ വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് സംഘം പലതവണ പണം തട്ടിയെടുത്തത്. പണം നഷ്ടമായതിനെ തുടർന്ന് പടന്ന സ്വദേശി കാസർഗോഡ് സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപയുടെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എംപി ശ്രീദാസ്, എസ് ഐ പ്രേമരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം സുധേശ്, കെ വി ഹരിപ്രസാദ് എന്നീ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലാണ് പരാതി അന്വേഷിച്ചത്. ഉദ്യോഗസ്ഥരുടെ സത്വര ഇടപെടലിനെയും, നടപടിയെയും തുടർന്ന് രണ്ട് ഘട്ടങ്ങളിലായി 9 ലക്ഷം രൂപ പ്രതികളുടെ ബാങ്കിൽനിന്ന് തിരിച്ചുപിടിക്കുകയായിരുന്നു. രത്നാകർ ബാങ്കിന്റെ മുംബൈ ശാഖ, കാനറാ ബാങ്ക് ഉത്തർപ്രദേശ് ശാഖ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബീഹാർ സഹകർസ ബസാർ ശാഖ, അടക്കമുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിടിച്ചെടുത്ത പണം കോടതി മുഖാന്തരം പരാതിക്കാരന് തിരികെ വിട്ടുകൊടുത്തു.
What's Your Reaction?