സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12.800 കിലോ ലഹരിയുമായി മൂന്ന് പേർ പിടിയിൽ
മലപ്പുറം: സംസ്ഥാനത്ത് വൻ ലഹരിവേട്ട. 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളായ മൂന്ന് പേരെ മലപ്പുറം പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടി. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്.
പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ചില്ലറ വിപണിയിൽ പത്ത് കോടിയിലധികം രൂപ വിലവരുമെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും അധികൃതർ അറിയിച്ചു.
കേരളത്തിലും പുറത്തും കഴിഞ്ഞ കുറേ നാളുകളായി സംഘം ലഹരി വിൽപ്പന നടത്തി വരികയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആഴ്ചകൾക്ക് മുമ്പ് മഞ്ചേരി ടൗണിലെ ഒരു സ്വകാര്യ അപ്പാർട്ട്‌മെന്റിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 100 ഗ്രാമോളം എംഡിഎംഎയുമായി ആറംഗ ലഹരി വിൽപ്പന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേരളത്തിനകത്തും പുറത്തും വേരുകളുള്ള വലിയ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ എംഡിഎംഎ രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച ശേഷം കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് വിൽപ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്നും അന്വേഷണത്തിൽ വ്യക്തമായി.
ആഡംബര വാഹനങ്ങളിൽ രഹസ്യ അറകൾ സജ്ജീകരിച്ച് അതിനുള്ളിൽ ലഹരി ഒളിപ്പിച്ച് കടത്തുന്ന സംഘത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ സംഘത്തിന്റെ പ്രധാന ഇടത്താവളങ്ങൾ തമിഴ്നാട്ടിലെ കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ നഗരങ്ങളിലാണ് ലഹരിയിടപാടുകൾ കൂടുതലായും നടക്കുന്നതെന്നും കണ്ടെത്തി.
തുടർന്നാണ് പ്രതികളെ കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കാറിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ചിരുന്ന എംഡിഎംഎ പൊലീസ് കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ വിവിധ സ്ഥലങ്ങളിൽ 100 ഗ്രാം മുതൽ 500 ഗ്രാം വരെ വിതരണം ചെയ്യുന്നതിനായി പ്രത്യേകം പായ്ക്കറ്റുകളാക്കിയ നിലയിലായിരുന്നു ലഹരി. ഇന്നോവ കാറിന്റെ ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കേരളത്തിലും തമിഴ്നാട്ടിലും യുവാക്കളെ ലക്ഷ്യമിട്ട് വിൽപ്പന നടത്താനായി എത്തിച്ച പത്ത് കോടിയിലധികം രൂപ വിലവരുന്ന ലഹരിമരുന്നാണ് മലപ്പുറം ജില്ലാ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ പിടികൂടാനായത്. എംഡിഎംഎയുടെ യഥാർഥ ഉറവിടത്തെക്കുറിച്ചും ലഹരിക്കടത്ത് ശൃംഖലയിലെ കൂടുതൽ ആളുകളെക്കുറിച്ചും അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
What's Your Reaction?