മഡിയൻ കോവിലകത്ത് പുതിയ ഇളമയായി ടി.വി. ബാബു ആചാരം കൊണ്ടു
കാഞ്ഞങ്ങാട്: മടിയൻ കോവിലകത്തെ പുതിയ ഇളമയായി സത്യ കഴകത്തിലെ തായത്ത് വീട്ടിൽ ടി.വി. ബാബു ആചാരം കൊണ്ടു. മഡിയൻ കോവിലകത്തെ വിവിധ കഴകങ്ങളിൽ നിന്നും തറവാടുകളിൽ നിന്നുമെത്തിയ ആചാരസ്ഥാനികളുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
വാരിക്കാട്ട് ശ്രീ മഹിഷമർദ്ദിനി ക്ഷേത്രക്കുളത്തിൽ കുളിച്ചെത്തിയ ബാബു ക്ഷേത്രത്തിൽ നിന്നുള്ള കലശം കുളിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് തന്ത്രി താന്ത്രിക രത്നം ബ്രഹ്മശ്രീ വാരിക്കാട്ട് സുബ്രഹ്മണ്യ തായർ മൂന്നുതവണ ആചാരപ്പേർ ചൊല്ലി വിളിച്ച് തായത്ത് വീട്ടിൽ ഇളമയായി ആചാരസ്ഥാനം നൽകി അവരോധിച്ചു.
പിന്നീട് മടിയൻ കോവിലകത്ത് ഉച്ചപൂജയ്ക്ക് ശേഷം മേൽശാന്തി തെക്കില്ലം മാധവൻ നമ്പൂതിരിയും ആചാരപ്പേർ ചൊല്ലി വിളിച്ചു. തുടർന്ന് അത്തിക്കൽ ഇളമ ഗംഗാധരൻ ഇളയച്ചൻ കാളരാത്രി അമ്മയുടെ ശ്രീകോവിലിലേക്ക് ആദ്യം കൈപിടിച്ച് കയറ്റുകയും പിന്നീട് ക്ഷേത്രപാലകൻ്റെ ശ്രീകോവിലിലേക്കും ആചാരപരമായ ചടങ്ങുകൾ തുടരുകയും ചെയ്തു.
കത്തിച്ചുവച്ച ചങ്ങലവട്ടയുമേന്തിയ ടി.വി. ബാബുവിനെ നിലവിളക്കിൻ്റെയും പുഷ്പവൃഷ്ടിയുടെയും തറവാട്ടംഗങ്ങളുടേയും അകമ്പടിയോടെ തറവാട്ടിലേക്ക് സ്വീകരിച്ചാനയിച്ചു.
മടിയൻ കോവിലകത്ത് പൗരാണിക കാലം മുതൽ ഉഷപ്പൂജയും അത്താഴപൂജയും നടത്തിയിരുന്നത് സത്യ കഴക പരിധിയിലെ തായത്ത് വീട്ടുകാരും അത്തിക്കൽ തറവാട്ടുകാരുമാണ്. അതിൻ്റെ ഭാഗമായാണ് പുതിയ ഇളമയുടെ ആചാരം കൊള്ളൽ ചടങ്ങ് നടന്നത്.
ടി.വി. ഗോവിന്ദൻ മുത്തച്ഛൻ, സത്യ കഴകം ഭാരവാഹികൾ, തായത്ത് വീട് ഭാരവാഹികൾ, വിവിധ കഴക-തറവാട് ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
What's Your Reaction?