പെരുമ്പയിൽ കാർ ഇടിച്ച് വിദ്യാർഥി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Aug 26, 2026 - 07:15
 0
പെരുമ്പയിൽ കാർ ഇടിച്ച് വിദ്യാർഥി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പയ്യന്നൂർ: പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാർ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിച്ച് ഒരാൾ മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിൽ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. നബിദിന അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് വരികയായിരുന്ന ഇരുവരും പെരുമ്പ പെട്രോൾ പമ്പിന് സമീപം റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് സ്വിഫ്റ്റ് കാർ ഇടിച്ചുതെറിപ്പിച്ചത്.

അപകടം കണ്ട വാഹനയാത്രക്കാർ ഇരുവരെയും പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷാഹിദ് മരണപ്പെട്ടു. അപകടത്തിനുശേഷം നിർത്താതെ പോയ കാർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

മൃതദ്ദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൊല്ലത്തെ വാദിസിയ കോളേജിലെ വിദ്യാർഥികളാണ് ഷാഹിദും ഷിബിലും. നിരത്തുംപാലം എസ്എസ്എഫ് യൂണിറ്റ് ജനറൽ സെക്രട്ടറിയായിരുന്നു ഷാഹിദ്. മയ്യിൽ സ്വദേശിയായ മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സക്കീനയുടെയും മകനാണ്. സഹോദരി: ഫാത്തിമ.

What's Your Reaction?

like

dislike

love

funny

angry

sad

wow