കണ്ണൂർ സെൻട്രൽ ജയിലിൽ കുപ്പിയിലാക്കി കുഴിച്ചിട്ട മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും പിടികൂടി. ജയിലിലെ അഞ്ചാം ബ്ലോക്കിന് സമീപമുള്ള പുതിയ കുളിമുറിക്കരികിൽ പ്ലാസ്റ്റിക് കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. ജയിൽ ജീവനക്കാർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഒളിപ്പിച്ചുവെച്ച ഫോൺ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
പരിശോധനയിൽ ഒരു മൊബൈൽ ഫോൺ, പവർ ബാങ്ക്, ഇയർഫോൺ എന്നിവയാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ ജോയിന്റ് സൂപ്രണ്ട് കണ്ണൂർ ടൗൺ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
കടുത്ത സുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മുമ്പും പലതവണ തടവുകാർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ജയിൽ അധികൃതർ പിടികൂടിയിട്ടുണ്ട്. ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണുകൾ എത്തുന്നതെങ്ങനെയെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?