മനാമ: ‘പ്രതിഭ’ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന പുരസ്‌കാരം രാജ്മോഹൻ നീലേശ്വരത്തിന്
മനാമ: ബഹ്റൈനിലെ സാംസ്‌കാരിക സംഘടനയായ ബഹറിൻ പ്രതിഭയുടെ ‘പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025’ രാജ്മോഹൻ നീലേശ്വരം നേടി. അദ്ദേഹത്തിന്റെ ‘തീമാടൻ’ എന്ന നാടക രചനയ്ക്കാണ് ഈ വർഷത്തെ പുരസ്‌കാരം ലഭിച്ചത്.
2021-ൽ ആരംഭിച്ച ഈ പുരസ്‌കാരത്തിന്റെ ആദ്യ ജേതാവായി ‘ഭഗവാന്റെ പള്ളി നായാട്ട്’ എന്ന കൃതിയിലൂടെ രാജശേഖരൻ ഓണത്തുരുത്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് ‘ബ്ലാക്ക് ബട്ടർഫ്ലൈസ്’ എന്ന രചനയിലൂടെ സതീഷ് കെ. സതീഷ്, ‘റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകം അല്ല’ എന്ന കൃതിയിലൂടെ ഡോ. ചന്ദ്രദാസ് എന്നിവർ പുരസ്‌കാരത്തിന് അർഹരായി.
പ്രശസ്ത നാടകപ്രവർത്തകനും എഴുത്തുകാരനും ചിത്രകാരനുമായ ഡോ. സാം കുട്ടി പട്ടംകരിയാണ് ജൂറി ചെയർമാൻ. 2024-ൽ ലഭിച്ച 27 മൗലിക നാടക രചനകളിൽ നിന്നാണ് ‘തീമാടൻ’ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ രചനകൾ അവാർഡിനായി പരിഗണിച്ചിരുന്നു.
ഇരുപത്തിയയ്യായിരം രൂപയും വെങ്കല ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. മത്സരത്തിലേക്ക് കൃതികൾ അയച്ച് സഹകരിച്ച എല്ലാ നാടകകൃത്തുക്കളെയും അഭിനന്ദിക്കുന്നതായും, വരും വർഷങ്ങളിലും കൂടുതൽ മികച്ച രചനകളുമായി നാടകപ്രവർത്തകർ പുരസ്‌കാരത്തിന് മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. പുരസ്‌കാര സമർപ്പണ തീയതി പിന്നീട് പ്രഖ്യാപിക്കും.
വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി വി.കെ. സുലേഷ്, പ്രസിഡന്റ് മഹേഷ് കെ.വി., മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗം എൻ.കെ. വീരമണി, കേന്ദ്ര കമ്മിറ്റി അംഗം മിജോഷ് മൊറാഴ, നാടകവേദി കൺവീനർ രാജേഷ് തലായി എന്നിവർ പങ്കെടുത്തു.
What's Your Reaction?