മണ്ണിനെ മാറോട് ചേർത്ത് സാബു കാരാക്കോട്. പ്രതിസന്ധികൾക്കിടയിലും ജൈവ കൃഷിയിൽ പച്ചപ്പിന്റെ പോരാട്ടം

Aug 23, 2026 - 16:53
 0
മണ്ണിനെ മാറോട് ചേർത്ത് സാബു കാരാക്കോട്. പ്രതിസന്ധികൾക്കിടയിലും ജൈവ കൃഷിയിൽ പച്ചപ്പിന്റെ പോരാട്ടം

മടിക്കൈ: മണ്ണിന്റെ മണവും ഗുണവും തിരിച്ചറിഞ്ഞ് കൃഷിയെ ജീവിതമാർഗമാക്കിയ യുവ കർഷകനാണ് മടിക്കൈ കാരാക്കോട്ടെ കെ.ജെ. സാബു. കാഞ്ഞങ്ങാട് നഗരത്തിൽ ജീപ്പ് ടാക്സി ഓടിച്ചിരുന്ന സാബു, മുഴുവൻ സമയ കർഷകനായിരുന്ന പിതാവിന്റെ മരണത്തോടെയാണ് കൃഷിയിലേക്ക് പൂർണമായി തിരിഞ്ഞത്. പിന്നീട് അമ്മയുടെ മരണത്തോടെ പഞ്ചായത്തിന് പുറത്തുള്ള പാട്ടകൃഷിയും ഒഴിവാക്കി വീട്ടിനടുത്തുള്ള രണ്ടര ഏക്കർ സ്ഥലത്ത് കൃഷിയൊതുക്കി.

മടിക്കൈ, കോടോം-ബേളൂർ പഞ്ചായത്തുകളിലായി ഒരുകാലത്ത് പതിനഞ്ച് ഏക്കറോളം സ്ഥലത്താണ് സാബു പാട്ടകൃഷി നടത്തിയിരുന്നത്. വർഷങ്ങളായി തുടർന്നുവന്ന കൃഷി കഴിഞ്ഞ മൂന്ന് വർഷമായി കാരാക്കോട്ടെ വീട്ടിനടുത്തുള്ള രണ്ടര ഏക്കറിലാണ്. മുമ്പ് തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു കൃഷിയെങ്കിൽ ഇന്ന് മണ്ണിൽ പണിയെടുക്കാൻ ആളെ കിട്ടാത്തതിനാൽ കൃഷിയുടെ മുഴുവൻ ചുമതലയും സാബു ഒറ്റയ്ക്കാണ് വഹിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ കൃഷിയിടത്തിൽ സജീവമായ സാബു നിലമൊരുക്കാൻ മാത്രമാണ് ഹിറ്റാച്ചിയുടെ സേവനം ഉപയോഗിക്കുന്നത്.

2019-20 കാലയളവിൽ തുടർച്ചയായി കാസർകോട് ജില്ലാ കർഷക അവാർഡും ജൈവകൃഷിക്കുള്ള സംസ്ഥാന അവാർഡുമടക്കം നിരവധി പുരസ്കാരങ്ങൾ സാബുവിനെ തേടിയെത്തിയിട്ടുണ്ട്. കൃഷിയോടുള്ള ആത്മാർഥതയും മണ്ണിനെക്കുറിച്ചുള്ള അറിവുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ.

മൂന്ന് വർഷം മുമ്പുവരെ കപ്പ, ഇഞ്ചി, മഞ്ഞൾ, കൂർക്ക, മധുരക്കിഴങ്ങ് എന്നിവയ്ക്കൊപ്പം പാവൽ, പടവലങ്ങ, നരമ്പൻ, വെണ്ട, പയർ, തക്കാളി, പച്ചമുളക്, വഴുതന തുടങ്ങി ഇരുപത്തിരണ്ടോളം കാർഷിക വിളകളാണ് സാബു കൃഷിയിടത്തിൽനിന്ന് വിളവെടുത്തിരുന്നത്. ഇപ്പോൾ നാടൻ മുള്ളൻകക്കിരി, മത്തൻ, വെള്ളരി, മുളക്, ചീര, വഴുതന തുടങ്ങിയ വിളകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

കൃഷിയിടത്തിൽ വിളയുന്ന ഉൽപന്നങ്ങൾ കാഞ്ഞങ്ങാട് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കടകളിലും നാലോളം കൃഷിഭവനുകളുടെ ഓണച്ചന്തകളിലും എത്തിക്കുന്നു. എന്നാൽ അധ്വാനത്തിനനുസരിച്ചുള്ള വില ലഭിക്കുന്നില്ലെന്നതാണ് സാബുവിന്റെ പ്രധാന പരാതി.

അന്യസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയിൽ എത്തുന്ന കാർഷിക ഉൽപന്നങ്ങളുമായി മത്സരിച്ച് പിടിച്ചുനിൽക്കുക സാധാരണ കർഷകർക്ക് പ്രയാസമാണ്. ഉൽപാദനച്ചെലവും അധ്വാനവും വർധിക്കുമ്പോഴും വിപണിയിൽ ന്യായമായ വില ലഭിക്കാത്തത് ചെറുകിട കർഷകരെ കൃഷിയിൽനിന്ന് പിന്നോട്ടടിപ്പിക്കുകയാണെന്ന് സാബു പറയുന്നു.

ഇതിന് പുറമേ കഴിഞ്ഞ രണ്ട് വർഷമായി കാട്ടുപന്നിയുടെ ശല്യവും കൃഷിക്ക് വലിയ തിരിച്ചടിയാണ്. അതിലും രൂക്ഷമാണ് കൂട്ടത്തോടെ എത്തുന്ന മയിലുകളുടെ ആക്രമണം. ചെടികൾ പൂവിടുകയും കായ്ക്കുകയും ചെയ്യുന്ന ഘട്ടത്തിൽ മയിലുകൾ കൂട്ടമായെത്തി കൊത്തിത്തിന്നുന്നതോടെ വിളകൾ നശിക്കുന്നു. ഏറെ അധ്വാനിച്ച് വളർത്തിയ വിളകൾ വിളവെടുപ്പിന് തൊട്ടുമുമ്പ് നശിക്കുന്നത് കർഷകന് വലിയ നഷ്ടമാണ്.

കാർഷിക രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്ന് സർക്കാർ പറയുമ്പോഴും യഥാർഥ കർഷകന് തന്റെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നുണ്ടോ എന്നതാണ് സാബുവിന്റെ ചോദ്യം. വിപണിയിലെ വിലത്തകർച്ചയും തൊഴിലാളിക്ഷാമവും വന്യമൃഗശല്യവും മറികടന്ന് കൃഷി തുടരുമ്പോഴും കർഷകന്റെ വിയർപ്പിന് അർഹമായ വില ലഭിക്കാത്ത സാഹചര്യം മാറണമെന്നാണ് ഈ യുവ കർഷകന്റെ ആവശ്യം.

പരേതനായ കുണ്ടകശ്ശേരി ജോസഫ് (അപ്പച്ചൻ)–റോസമ്മ ദമ്പതികളുടെ മകനാണ് സാബു. ഭാര്യ അമ്പിളി. മകൾ എയ്ഞ്ചൽ റോസ്.

പ്രതിസന്ധികൾ പലതുണ്ടെങ്കിലും മണ്ണിനെ ഉപേക്ഷിക്കാൻ സാബു തയ്യാറല്ല. മണ്ണിന്റെ മണവും ഗുണവും തിരിച്ചറിഞ്ഞ് അതിൽനിന്ന് നാടിന്റെ ഭക്ഷണം വിളയിക്കുന്നതിലാണ് ഈ കർഷകന് ഇന്നും ഹരം. കൃഷി ഒരു തൊഴിൽ മാത്രമല്ല, ജീവിതത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുകയാണ് സാബു കാരാക്കോട്.

What's Your Reaction?

like

dislike

love

funny

angry

sad

wow