‘ഞങ്ങളിവിടെയുണ്ട്’ എന്ന് കവിതകളിലൂടെ വിളിച്ചുപറഞ്ഞ് പെൺകവികൾ
നീലേശ്വരം: ‘ഞങ്ങളിവിടെയുണ്ട്’ എന്ന് കവിതകളിലൂടെ വിളിച്ചുപറഞ്ഞ് ജില്ലയിലെ ഒരു കൂട്ടം പെൺകവികൾ. വനിതാസാഹിതിയുടെ നേതൃത്വത്തിൽ നടന്ന കവിയരങ്ങിൽ ജില്ലയിലെ 25 കവയിത്രികൾ പങ്കെടുത്തു.
ഇലയടയേയും പെൺജീവിതാവസ്ഥയേയും ബന്ധപ്പെടുത്തി, അതേ അപ്പച്ചെമ്പിൽ വേവുന്ന കൊഴുക്കട്ടയുമായി താരതമ്യപ്പെടുത്തി നർമ്മവും ചിന്തയും ഒരേ പാകത്തിലെത്തിച്ച ‘ഇലമോചനം’ എന്ന കവിത ചൊല്ലി കവയിത്രിയും സിനിമാതാരവുമായ സി.പി. ശുഭ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.
പി. കുഞ്ഞിരാമൻ നായരുടെ മകൾ ലീല അമ്മാളിന്റെ സ്നേഹോപഹാരങ്ങളുമായി പി.യുടെ കൊച്ചുമകൾ ജയശ്രീ വടയാക്കളം, ടി.എസ്. തിരുമുമ്പിന്റെ മകൾ പി.സി. പ്രസന്ന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വനിതാസാഹിതി ജില്ലാ പ്രസിഡന്റ് സീതാദേവി കരിയാട് അധ്യക്ഷയായി. പു.ക.സ. ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട്, ഡോ. എൻ.പി. വിജയൻ, എം.പി. ശ്രീമണി, ബിന്ദു കല്ലത്ത്, രമാവതി കാനക്കോട്, മൃദുലാബായ് മണ്ണൂർ, തേജസ്വിനി പി., ഗംഗൻ ആയിറ്റി, അനിൽ പെരിങ്ങാര, പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
ഇതിനകം ജില്ലയിലെ എൺപതോളം കവയിത്രികളെ വനിതാസാഹിതി കണ്ടെത്തിയതായി ഭാരവാഹികൾ അറിയിച്ചു.
What's Your Reaction?