നിറങ്ങളിലൂടെ മികവിന്റെ കൈയൊപ്പ്; ദേവനന്ദയുടെ ലോഗോയ്ക്ക് ഒന്നാം സ്ഥാനം

Aug 23, 2026 - 10:47
 0
നിറങ്ങളിലൂടെ മികവിന്റെ കൈയൊപ്പ്; ദേവനന്ദയുടെ ലോഗോയ്ക്ക് ഒന്നാം സ്ഥാനം

അമ്പലത്തറ: സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രോത്സവങ്ങളിലും കൂട്ടുകാരുമായി മാറ്റുരച്ച് സമ്മാനങ്ങൾ നേടുന്നത് പോലെ എളുപ്പമല്ല സ്കൂൾതല മേളകളുടെയും മറ്റ് പരിപാടികളുടെയും ലോഗോ രൂപകൽപ്പന ചെയ്ത് അംഗീകാരം നേടുക. എന്നാൽ നിറങ്ങളെയും ആശയങ്ങളെയും സാങ്കേതിക മികവിനെയും ഒരുപോലെ കൂട്ടിയിണക്കി വ്യത്യസ്തമായ സൃഷ്ടികളിലൂടെ ശ്രദ്ധേയയാവുകയാണ് ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ദേവനന്ദ.

ഈ വർഷത്തെ ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ മത്സരത്തിൽ 37 രചനകളാണ് ലഭിച്ചത്. മികച്ച രചനകൾക്കിടയിൽ വേറിട്ട ദൃശ്യാനുഭവം പകരുന്ന ദേവനന്ദയുടെ ലോഗോയാണ് ഒന്നാം സ്ഥാനത്തെത്തിയത്. വർണങ്ങൾ കൈപ്പിടിയിലൊതുക്കുന്നതിനൊപ്പം വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തിയാണ് ദേവനന്ദ ലോഗോ ഒരുക്കിയത്. മുൻവർഷം ശാസ്ത്രോത്സവത്തിനായി തയ്യാറാക്കിയ ലോഗോയും മികച്ച ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ വർഷം ജില്ലാ കലോത്സവത്തിനായി തയ്യാറാക്കിയ പ്രൊമോ വീഡിയോയ്ക്കും ദേവനന്ദ ഒന്നാം സ്ഥാനം നേടിയിരുന്നു. ഒന്നാം ക്ലാസ് മുതൽ നിറങ്ങളോടൊപ്പം സഞ്ചരിക്കുന്ന ദേവനന്ദയ്ക്ക് വനം-വന്യജീവി വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വർഷംതോറും സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരങ്ങളിലും തുടർച്ചയായി സമ്മാനങ്ങൾ നേടാനായിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെ ഈ നേട്ടം തുടരുന്നതും ശ്രദ്ധേയമാണ്.

2022ൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരിക്കെ സപര്യ സാംസ്കാരിക സമിതിയുടെ പ്രഥമ സംസ്ഥാനതല ചിത്രപ്രതിഭാ പുരസ്കാരവും ദേവനന്ദ സ്വന്തമാക്കി. ജലച്ചായവും ഓയിൽ പെയിന്റിങ്ങുമാണ് ഏറെ ഇഷ്ടപ്പെട്ട മാധ്യമങ്ങൾ. കേരള സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രോത്സവങ്ങളിലും സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ പെൻസിൽ, ഫാബ്രിക്, ഓയിൽ, ജലച്ചായ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ബേക്കൽ ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനിയായിരിക്കെ സ്കൂളിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിലും ദേവനന്ദയുടെ ചിത്രങ്ങൾ ഇടംപിടിച്ചു. കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലും കോഴിക്കോട് ആർട്ട് ഗാലറിയിലും നടന്ന സംയുക്ത പെയിന്റിങ് എക്സിബിഷനുകളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ചിത്രകാരൻ വിനോദ് അമ്പലത്തറയുടെ കീഴിലാണ് ചിത്രരചനയിൽ പരിശീലനം നേടിയത്.

ജില്ലാ, സംസ്ഥാനതല ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ദേവനന്ദ പഠനത്തിലും മികവ് പുലർത്തുന്നു. മത്സരങ്ങളിലും എക്സിബിഷനുകളിലും പങ്കെടുക്കുന്നതിനിടെ നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടിട്ടും ട്യൂഷനില്ലാതെ പ്ലസ് വൺ പഠനത്തിൽ എല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക് നേടിയത് അധ്യാപകരെപ്പോലും അത്ഭുതപ്പെടുത്തി. സ്കൂൾ പി.ടി.എ ലെറ്റർ ഓഫ് എക്സലൻസ് സാക്ഷ്യപത്രവും പുരസ്കാരവും നൽകി ദേവനന്ദയെ അനുമോദിക്കുകയും ചെയ്തു.

പനയാൽ ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.ടി. ബാബുവിന്റെയും തച്ചങ്ങാട് ഗവ. ഹൈസ്കൂൾ അധ്യാപികയും കവയിത്രിയുമായ സുനിമോൾ കെ. ബളാലിന്റെയും മകളാണ് ദേവനന്ദ. കവയിത്രി കൂടിയായ സഹോദരി ആര്യനന്ദ മൈക്രോബയോളജി പി.ജി വിദ്യാർഥിനിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow