പെരിയയിൽ എയിംസ് സ്ഥാപിക്കാം; 274.69 ഏക്കർ പി.സി.കെ ഭൂമി അനുയോജ്യമെന്ന് കളക്ടറുടെ റിപ്പോർട്ട്

പുല്ലൂർ-പെരിയ പഞ്ചായത്തിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന 274.69 ഏക്കർ പി.സി.കെ ഭൂമിയാണ് നിർദേശിച്ചിരിക്കുന്നത്

Aug 19, 2026 - 16:47
 0
പെരിയയിൽ എയിംസ് സ്ഥാപിക്കാം; 274.69 ഏക്കർ പി.സി.കെ ഭൂമി അനുയോജ്യമെന്ന് കളക്ടറുടെ റിപ്പോർട്ട്

കാസർകോട്: ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിന് പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ (പി.സി.കെ) ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാന സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകിയത്.

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ അപേക്ഷയെ തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ നിർദേശപ്രകാരം പെരിയയിലെ സ്ഥലം നേരിട്ട് സന്ദർശിച്ച് 10 ദിവസത്തിനകമാണ് കളക്ടർ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കിയത്. റീസർവേ ഡിജിറ്റൽ സ്കെച്ച്, ഡ്രോൺ ദൃശ്യങ്ങൾ, സ്ഥലത്തിന്റെ ചിത്രങ്ങൾ എന്നിവയും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

എയിംസ് മാതൃകയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കൽ കോളേജും ഉൾപ്പെടുന്ന സ്ഥാപനത്തിനായി കേന്ദ്രസർക്കാർ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പെരിയയിലെ ഭൂമി പൂർണമായും പാലിക്കുന്നതായി കളക്ടർ പറഞ്ഞു. കുറഞ്ഞത് 200 ഏക്കർ ഭൂമി, മികച്ച റോഡ് കണക്റ്റിവിറ്റി, ജല-വൈദ്യുതി ലഭ്യത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാന മാനദണ്ഡങ്ങൾ.

പുല്ലൂർ-പെരിയ പഞ്ചായത്തിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന 274.69 ഏക്കർ പി.സി.കെ ഭൂമിയാണ് നിർദേശിച്ചിരിക്കുന്നത്. ദേശീയപാത 66-ന് സമീപമുള്ള പ്രദേശമായതിനാൽ മികച്ച റോഡ് കണക്റ്റിവിറ്റിയും കാഞ്ഞങ്ങാട്, കാസർകോട് റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള സൗകര്യവും ലഭ്യമാണ്. മംഗളൂരു, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാം.

മൂന്നാംകടവ് പ്രധാന ജലസ്രോതസ്സായി കണ്ടെത്തിയിട്ടുണ്ട്. മയിലാട്ടി പവർ സ്റ്റേഷനും മാവുങ്കാൽ സബ്‌സ്റ്റേഷനും വഴി ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനും കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 200 ഏക്കർ എന്ന കേന്ദ്ര മാനദണ്ഡത്തേക്കാൾ അധികമായി ഭൂമി ലഭ്യമാണെന്നതും പെരിയയുടെ പ്രധാന നേട്ടമായി ചൂണ്ടിക്കാട്ടുന്നു.

ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ, പുനരധിവാസം, ന്യൂറോളജി, എൻവയോൺമെന്റൽ മെഡിസിൻ, ദീർഘകാല ചികിത്സാ ഫോളോഅപ്പ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമായി എയിംസിനെ വികസിപ്പിക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

തൊട്ടടുത്തുള്ള കേരള കേന്ദ്ര സർവകലാശാല, ഐ.സി.എ.ആർ-സി.പി.സി.ആർ.ഐ, എച്ച്.എ.എൽ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് മെഡിക്കൽ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ലൈഫ് സയൻസസ് തുടങ്ങിയ മേഖലകളിൽ ഗവേഷണ സാധ്യതകളും പ്രയോജനപ്പെടുത്താം. കേന്ദ്ര സർവകലാശാലയിലെ ഹെലിപാഡ് അടിയന്തര എയർ ആംബുലൻസ് സേവനങ്ങൾക്കും ഉപയോഗപ്പെടുത്താനാകുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേന്ദ്ര സർവകലാശാലയ്ക്കായി നേരത്തെ പി.സി.കെ ഭൂമി വിട്ടുനൽകിയ മാതൃകയിൽ ചട്ടങ്ങൾക്ക് വിധേയമായി റവന്യൂ വകുപ്പ് വഴി ഭൂമി എയിംസിനായി ലഭ്യമാക്കാനും സാധിക്കുമെന്ന് കളക്ടർ ചൂണ്ടിക്കാട്ടി.

നിലവിൽ പി.സി.കെ ഭൂമിയിൽ ജോലി ചെയ്യുന്ന 28 ദിവസവേതന തൊഴിലാളികൾക്ക് എയിംസിലെ സുരക്ഷ, ശുചീകരണം, മെയിന്റനൻസ് തുടങ്ങിയ അനുബന്ധ മേഖലകളിൽ പുനരധിവാസം ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എയിംസ് യാഥാർഥ്യമായാൽ പ്രാദേശികമായി വൻതോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വടക്കൻ കേരളത്തിനും കർണാടകയിലെ ദക്ഷിണ കന്നഡ, കുടക് മേഖലകളിലെ ജനങ്ങൾക്കും ആശ്രയിക്കാവുന്ന പ്രധാന തൃതീയതല ആരോഗ്യകേന്ദ്രമായി പെരിയ മാറാനുള്ള സാധ്യതയും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

ജില്ലാ കളക്ടർക്കൊപ്പം ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി. രാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ഹൊസ്ദുർഗ് തഹസിൽദാർ കെ. രമേശൻ, പെരിയ വില്ലേജ് ഓഫീസർ മധു, താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ അനിൽ ഫിലിപ്പ്, സർവേ ഉദ്യോഗസ്ഥർ, പി.സി.കെ യൂണിറ്റ് മാനേജർ സജീവ് എന്നിവർ സ്ഥലം സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow