നീലേശ്വരത്ത് ഓണക്കാല ഗതാഗത നിയന്ത്രണം; നഗരത്തിൽ പാർക്കിംഗ് ക്രമീകരണങ്ങൾ
നീലേശ്വരം: ഓണക്കാലത്ത് നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും തീരുമാനം. നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നീലേശ്വരം നഗരത്തിൽ എത്തുന്ന വാഹനങ്ങൾ പാലസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം. കോൺവെന്റ് ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾക്ക് ഒമേഗ ടൂറിസ്റ്റ് ഹോമിന് സമീപത്തെ ഗ്രൗണ്ടിലും പാർക്കിംഗ് സൗകര്യമുണ്ടാകും. പട്ടേന ജംഗ്ഷൻ മുതൽ ചിറപ്പുറം വരെയുള്ള റോഡരികിലും വാഹനങ്ങൾ പാർക്ക് ചെയ്യാം. ഉത്രാട ദിനത്തിൽ നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് നഗരസഭാ ഓഫീസ് കോമ്പൗണ്ട് പാർക്കിംഗിനായി ഉപയോഗിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
നോ പാർക്കിംഗ് മേഖലകൾ
എൻ.എച്ച്.–തെരു–തളിയിലമ്പലം–രാജാ ക്ലിനിക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. എൽ.ഐ.സി. ഓഫീസ് മുതൽ പോസ്റ്റ് ഓഫീസ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല.
രാവിലെ 9 മുതൽ വൈകിട്ട് 7 വരെ മെയിൻ ബസാറിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ലോഡിങ്, അൺലോഡിങ് നടത്തുന്നതിനും നിയന്ത്രണമുണ്ടാകും. വഴിയോര കച്ചവടം പട്ടേന ജംഗ്ഷൻ മുതൽ ചിറപ്പുറം വരെ ക്രമീകരിക്കണം.
റെയിൽവേ യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ റെയിൽവേ പാർക്കിങ് സ്ഥലം ഉപയോഗിക്കണം. റെയിൽവേ ഓവർബ്രിഡ്ജിന് താഴെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പോലീസ് പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നഗരസഭാ വൈസ് ചെയർമാൻ പി.എം. സന്ധ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.കെ. ചന്ദ്രൻ, കെ. സതീശൻ, ഇ. ചന്ദ്രമതി, കൗൺസിലർ സതീശൻ പി.വി., നീലേശ്വരം എസ്.ഐ. പ്രകാശൻ കെ.വി., വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ, ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് പി., റവന്യൂ ഇൻസ്‌പെക്ടർ രാജേഷ് ടി.വി., മെമ്പർ സെക്രട്ടറി ഷിജു കെ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.
What's Your Reaction?