ഉള്ളാൾ സഹകരണ ബാങ്കിൽ തോക്കുചൂണ്ടി കവർച്ച; നഷ്ടമായത് പത്ത് കോടിയിലേറെ രൂപയുടെ സ്വർണ്ണാഭരണങ്ങൾ.
പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിക്കാൻ നിർദ്ദേശം നൽകിയതായി സ്പീക്കർ യു ടി ഖാദർ.
മംഗളൂരു: ഉള്ളാൾ കെ.സി റോഡിൽ പ്രവർത്തിക്കുന്ന കോട്ടേക്കാർ സഹകരണ ബാങ്കിൽ പട്ടാപ്പകൽ വൻ കവർച്ച.
മുഖംമൂടി ധരിച്ച് എത്തിയ സംഘം തോക്ക് ചൂണ്ടി 10 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ബാങ്ക് ശാഖയിൽ എത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി കവർച്ച നടത്തുകയായിരുന്നു.
സ്വർണാഭരണങ്ങൾ കൊള്ളയടിച്ച ശേഷം സംഘം കാറിൽ ബംഗളൂരു ഭാഗത്തേക്ക് രക്ഷപ്പെട്ടു.
വെള്ളിയാഴ്ചയായതിനാൽ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കെ സി റോഡ് ജംഗ്ഷനിൽ ജുമുഅ നമസ്കാരം നടക്കുന്നതിനാൽ ബാങ്കിൽ തിരക്ക് കുറവായിരുന്നു. ഈ സമയത്താണ് ഒരു സംഘം കവർച്ചക്കാർ ബാങ്കിൽ എത്തിയത്.
ബാങ്ക് ഒന്നാം നിലയിൽ ആയിരുന്നു പ്രവർത്തിക്കുന്നത് താഴെ ഒരു ബേക്കറി കടയുണ്ട്. കവർച്ച നടക്കുന്ന സമയത്ത് ചില വിദ്യാർത്ഥികൾ ബേക്കറിയിൽ ഉണ്ടായിരുന്നു. ബഹളം കേട്ട് വിദ്യാർത്ഥികൾ ബാങ്കിലേക്ക് ഓടിയപ്പോൾ അവരുടെ നേരെയും തോക്ക് ചൂണ്ടി.
കന്നട ഭാഷയിലാണ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. നേരത്തെ ഇതേ ബാങ്കിൽ കവർച്ച നടന്നിരുന്നു. വിവരത്തെ തുടർന്ന് ഉള്ളാൾ പോലീസും, ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.
എസ് പി ധന്യ നായിക്കിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിക്കാൻ നിർദ്ദേശം നൽകിയതായി സ്പീക്കർ യു.ടി.ഖാദർ പറഞ്ഞു.
What's Your Reaction?