കാറിടിച്ചു മരിച്ച മലായാളിക്ക് നാല് ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി.
അബുദാബി: വാഹനാപകടത്തിൽ മരിച്ച മലയാളിക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം ദിർഹം അനുവദിച്ചു. 2023 ജൂലൈ 6 ന് കാറിടിച്ചു മരിച്ച മലപ്പുറം ഒടയപ്പുറത്ത് മുസ്തഫ(49)യുടെ കുടുംബത്തിന്നാണ് തുക നൽകിയതെന്ന് കേസ് കൈകാര്യം ചെയ്ത വൈ എ ബി ലീഗൽ സർവ്വീസ് അറിയിച്ചു. അൽബതീൻ അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് മുസ്തഫയെ കാറിടിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ മുസ്തഫ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള അന്വേഷണങ്ങളിൽ അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്ന് അബുദാബി ക്രിമിനൽ കോടതി ഡ്രൈവർക്ക് 20,000 ദിർഹം പിഴ ചുമത്തുകയും, മുസ്തഫയുടെ കുടുംബത്തിന്ന് രണ്ട് ലക്ഷം ദിർഹം ദിയ നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ദിയാ പണം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള വൈ എ ബി ലീഗൽ സർവ്വീസസ് ഇൻഷുറൻസ് അതോറിറ്റിയിൽ പ്രത്യേക നഷ്ടപരിഹാര ക്ലൈം ഫയൽ ചെയ്തതിന്റെ ഭാഗമായി രണ്ട് ലക്ഷം ദിർഹം കൂടി നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ മൊത്തം 400,000 ദിർഹം (ഏകദേശം 9.55 ദശലക്ഷം രൂപ) ആയതായി ലീഗൽ കൺസൾട്ടൻസി അറിയിച്ചു. മുസ്തഫയുടെ മാതാവ്, ഭാര്യ, മകൻ, മകൾ എന്നിവർക്കാണ് നഷ്ടപരിഹാര തുക ലഭിക്കുക. അബുദാബിയിലെ അറബി വീട്ടിൽ പാചകക്കാരനായിരുന്നു മരണപ്പെട്ട മുസ്തഫ.
What's Your Reaction?