കോടതിയിൽ ആൾമാറാട്ടം നടത്തിയ മടിക്കൈ സ്വദേശി പിടിയിൽ
കാഞ്ഞങ്ങാട്: കോടതിയിൽ ആൾമാറാട്ടം നടത്തിയ പ്രതി പിടിയിൽ. ഇന്നലെ ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിലാണ് സംഭവം. മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ കോടതിയിൽ യഥാർത്ഥ പ്രതിക്ക് പകരം കോടതിയുടെ കൂട്ടിൽ കയറിയ ആളാണ് പിടിയിലായത്. മടിക്കൈ അമ്പലത്തുകര പൂത്തക്കാലിലെ പ്രഭാകരനാണ് പിടിയിലായത്. കേസ് വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനായുള്ള അദാലത്തിന്റെ ഭാഗമായി നടന്ന സ്പെഷ്യൽ സിറ്റിങ്ങിൽ മദ്യപിച്ച് വാഹനമോടിച്ച ചീമേനി സ്വദേശിയുടെ കേസ് അപേക്ഷയുടെ ഭാഗമായാണ് കോടതി പരിഗണനക്കെടുത്തത്. സാധാരണഗതിയിൽ മദ്യപിച്ച് വാഹനം ഓടിച്ച കേസിലെ പ്രതികൾക്ക് കോടതി 11,000 രൂപ വരെ പിഴ ശിക്ഷ വിധിക്കാറുണ്ട്. അദാലത്ത് പ്രകാരം ഹാജരാകുന്നവർക്ക് 500 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ വിധിക്കുന്നത്. ചീമേനി സ്വദേശിക്ക് പകരമായാണ് പ്രഭാകരൻ ഹാജരായത്. കൂട്ടിൽ കയറിയ പ്രഭാകരൻ കുറ്റമേറ്റ് സമ്മതിക്കുകയും 500 രൂപ പിഴ അടക്കാനും കോടതി പിരിയും വരെ തടവിനും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. ഓഫീസിൽ പിഴയടക്കാൻ എത്തിയ പ്രഭാകരനിൽ സംശയം തോന്നിയ ജെ എസ് ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം പിടിച്ചത്. തുടർന്ന് പ്രഭാകരനെ ഹോസ്ദുർഗ്ഗ് പോലീസ് കസ്റ്റഡിയിൽ കൈമാറി. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും മറ്റും പ്രതിക്കെതിരെ കേസെടുത്തു. ജൂനിയർ സൂപ്രണ്ട് കെ വി അനീഷിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.
What's Your Reaction?