ഖത്തർ പരിശീലകനായി ലോപെറ്റെഗുയിയെ നിയമിച്ചു.
ദോഹ: ഖത്തർ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി സ്പാനിഷ് പരിശീലകൻ ജൂലൻ ലോപെറ്റെഗുയിയെ ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു.
ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബുഐനൈന്റെ സാന്നിധ്യത്തിൽ, അൽ ബിദ്ദ ടവറിലെ അസോസിയേഷൻ ആസ്ഥാനത്ത് ഖത്തർ ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി മൻസൂർ അൽ അൻസാരി കരാറിൽ ഒപ്പുവച്ചു. സ്പാനിഷ്കാരനായ ലൂയിസ് ഗാർസിയയ്ക്ക് പകരമായാണ് ലോപെറ്റെഗി ഈ സ്ഥാനത്ത് എത്തുന്നത്.
ഖത്തർ മുഖ്യ പരിശീലകനായുള്ള ലോപെറ്റെഗുയിയുടെ അരങ്ങേറ്റത്തോടെ, 2026 ലെ ശേഷിക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അദ്ദേഹം ദേശീയ ടീമിനെ നയിക്കും. 2025 ജൂൺ 5 ന് അൽ സാദ് ക്ലബ്ബിന്റെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇറാനെതിരെയുള്ള ഹോം മത്സരവും, തുടർന്ന് 2025 ജൂൺ 10 ന് താഷ്‌കന്റിൽ ഉസ്ബെക്കിസ്ഥാനെതിരെയുള്ള എവേ മത്സരവും ആയിരിക്കും അദ്ദേഹത്തിന്റെ ആദ്യ ദൗത്യം.
1966 ഓഗസ്റ്റ് 28 ന് സ്പെയിനിലെ അസ്റ്റിയാസുവിൽ ജനിച്ച ജൂലൻ ലോപെറ്റെഗുയി, കളിക്കളത്തിലും സൈഡ്‌ലൈനിലും ഒരുപോലെ മികച്ച ഒരു കരിയർ കെട്ടിപ്പടുത്തിട്ടുണ്ട്. 2016 ജൂലൈ 21 ന് സ്പാനിഷ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ അദ്ദേഹം 16 മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്, 12 വിജയങ്ങളും 4 സമനിലകളും നേടി.
2027 വരെയാണ് ജൂലൻ ലോപെറ്റെഗുയുടെ കാലാവധി.
What's Your Reaction?