ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യാത്തതിൽ പ്രകോപിതനായി ലേബർ റൂം അടിച്ചു തകർത്ത കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

Feb 21, 2026 - 08:46
Feb 21, 2026 - 08:48
 0
ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യാത്തതിൽ പ്രകോപിതനായി ലേബർ റൂം അടിച്ചു തകർത്ത കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

പരിയാരം: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലേബർ റൂം അടിച്ചു തകർത്ത സംഭവത്തിൽ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദി(24)നെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഗർഭിണിയായ ഭാര്യയെ ഡോക്ടറുടെ അനുമതിയില്ലാതെ ഡിസ്ചാർജ് ചെയ്യാൻ പറ്റില്ലെന്ന് ജീവനക്കാരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് പ്രതി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ലേബർ റൂം അടിച്ചു തകർത്തത്. വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. റാഷിദിന്റെ ഭാര്യയെ പ്രസവത്തിനായി ലേബർ റൂമിൽ കയറ്റിയതായിരുന്നു. ഇതിനിടയിൽ എത്തിയ റാഷിദ് ഭാര്യയെ ഉടനെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെത്രെ. എന്നാൽ ഡോക്ടറുടെ അനുമതിയില്ലാതെ ഡിസ്ചാർജ് ചെയ്യാൻ കഴിയില്ലെന്ന് ജീവനക്കാർ റാഷിദിനെ അറിയിച്ചു. ഇതിൽ പ്രകോപിതനായ റാഷിദ് ബഹളം വയ്ക്കുകയും നഴ്സിംഗ് ഓഫീസറെ അസഭ്യം പറയുകയും, ലേബർറൂമിന്റെ വാതിലുകളും ഫർണിച്ചറുകളും അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. പരിക്കു പറ്റിയ റാഷിദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow