ചട്ടഞ്ചാലിൽ യുവാവിനെ കൾവർട്ടിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ബേക്കൽ: ചട്ടഞ്ചാൽ മണ്ഡലിപ്പാറയിൽ യുവാവിനെ കാൾവെർട്ടിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേൽപറമ്പ് സ്റ്റേഷൻ പരിധിയിലെ മണ്ഡലിപ്പാറയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
മണ്ഡലിപ്പാറ സ്വദേശിയായ കബീർ (40) ആണ് മരിച്ചത്. പ്രദേശത്തെ കൽവെർട്ടിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കലുങ്കിനടിയിലായതിനാൽ ഇതുവരെ ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതായി പൊലീസ് വ്യക്തമാക്കി.
ശരീരത്തിൽ മർദ്ദനത്തിൻ്റെ പാടുകൾ നിരവധി സംശയാസ്പദമായ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. മറ്റെവിടെയെങ്കിലും വച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മർദ്ദനമേറ്റതിൻ്റെ തെളിവുകളാണോ ശാസ്ത്രീയ പരിശോധനകളിലൂടെ സ്ഥിരീകരിക്കാനാണ് ശ്രമം.
കഴിഞ്ഞ ഞായറാഴ്ചയാണ് കബീറിനെ അവസാനമായി കണ്ടതെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചു. ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനെ അടിസ്ഥാനപ്പെടുത്തി മൃതദേഹത്തിന് ഒരു ദിവസത്തിലധികം പഴക്കമുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്.
കബീർ നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഈ പശ്ചാത്തലത്തിൽ വ്യക്തിവൈരാഗ്യമോ മറ്റേതെങ്കിലും കുറ്റകൃത്യബന്ധമോ ഉണ്ടോയെന്ന കോണിലും അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും പോലീസ് നായയും എത്തിച്ച് തെളിവുകൾ ശേഖരിക്കും. ബേക്കൽ ഡിവൈഎസ്പി എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ മേൽപറമ്പ് പോലീസ് സംഘം പ്രാഥമിക നടപടികൾ പൂർത്തിയാക്കി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുമെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?