തലയോട്ടി പൊട്ടി, വാരിയെല്ലുകൾ തകർന്നു; ബിന്ദു മരിച്ചത് ശ്വാസംമുട്ടിയല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്നുവീണ് ബിന്ദു ദാരുണമായി മരിച്ചുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരിക പരിക്കുകൾ മൂലമാണ് ബിന്ദു മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഭാരമുള്ള വസ്തുക്കൾ ശരീരത്തിൽ വീണ് ആന്തരിക മുറിവുകൾ ഉണ്ടായതായും റിപ്പോർട്ടിലുണ്ട്. കോൺക്രീറ്റ് തൂണുകൾ വീണു ബിന്ദുവിന്റെ തലയോട്ടി തകർന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. മുഖത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തലയോട്ടി തകർന്നതായും വാരിയെല്ലുകൾ ഒടിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ശ്വാസംമുട്ടിയാണ് ബിന്ദു മരിച്ചതെന്ന് വാദമുണ്ടായിരുന്നു. ഈ വാദങ്ങളെ നിരാകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രക്ഷാപ്രവർത്തനം രണ്ടര മണിക്കൂർ വൈകിയാണ് ആരംഭിച്ചതെന്നും, ഇതാണ് ബിന്ദുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നും ആരോപണമുണ്ടായിരുന്നു. അവശിഷ്ടങ്ങളിൽ നിന്ന് ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ ശ്വസിക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായും വാർത്ത വന്നിരുന്നു. ബിന്ദുവിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിൽ നടന്നു. മകൻ നവനീത് അന്ത്യകർമങ്ങൾ നിർവഹിച്ചു.
What's Your Reaction?