വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകൾ തുറന്ന് കുണ്ടറ ഗുഹ.
മടിക്കൈ: 20 അടിയോളം ഉയരമുള്ള ഗുഹയുടെ വായ്ഭാഗത്ത് നിന്നും 30 അടി മാറി ചതുരാകൃതിയിലുള്ള ഒരു സുഷിരം. ഗുഹക്കുള്ളിലേക്ക് അരിച്ചിറങ്ങുന്ന സൂര്യപ്രകാശം. അകത്ത് കയറിയാൽ 5000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതി. ഗുഹയ്ക്കുള്ളിൽ ഒറ്റ നടുക്കായി ചുമരിൽ ആൾത്താര പോലൊരു രൂപം. ഗ്രാമീണ വിനോദസഞ്ചാരത്തിൻ്റെ അനന്തസാധ്യതകൾ തുറന്ന് മടിക്കൈ കുണ്ടറ ഗുഹ.
ചരിത്ര ഗവേഷക സംഘം ഇതിനു മുൻപ് നടത്തിയ പരീക്ഷണങ്ങൾ ഗുഹ പുരാവസ്തു വകുപ്പ് ശാസ്ത്രീയമായ പഠനങ്ങൾക്ക് വിധേയമാക്കണം എന്നാണ് നാടിൻ്റെ ആവശ്യം. കാഞ്ഞങ്ങാട് നിന്നും കാരക്കോട് ബസ്സിൽ കയറി കുണ്ടറ ബസ്റ്റോപ്പിൽ ഇറങ്ങണം. അവിടെനിന്നും ഇടതുഭാഗത്തേക്ക് നടത്തം. വിശാലമായ ഒരു പാറ. അവിടെ എത്തിയാൽ മടിക്കൈയുടെ ഗുണാകേവ് കാണാം. ഗ്രാമീണ ടൂറിസത്തിന് വലിയ സാധ്യതകളാണ് ഇവിടെ. മടിക്കൈ കുണ്ടറയിലെ സോളാർ പാർക്കും ഗുഹയ്ക്ക് സമീപം തന്നെയുണ്ട്. മുൻപ് ചരിത്ര ഗവേഷകനും, കാഞ്ഞങ്ങാട്നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജിലെ ചരിത്ര അധ്യാപകനുമായ നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തുഗവേഷകനായ സതീശൻ കാളിയാനം, ആർക്കിടെക്റ്റ് നമ്രത ഗോപൻ എന്നിവർ നടത്തിയ നിരീക്ഷണത്തിൽ പുരാതനമായ ഇരുമ്പ് ആയുധങ്ങൾ കൊണ്ട് കൊത്തിയതിൻ്റെയും ചുമരുകളിൽ കോറിയിട്ടതിൻ്റെയും അടയാളങ്ങൾ കണ്ടെത്തിയിരുന്നു. വകുപ്പ് കൃത്യമായ പഠനം നടത്തി ടൂറിസത്തിൻ്റെ സാധ്യതകൾ അടക്കം പരിശോധിക്കണം എന്നാണ് നാടിൻ്റെ ആവശ്യം. പുരാവസ്തു വകുപ്പ് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പഠനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് പുരവസ്തു വകുപ്പ് മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. ടൂറിസം വികസനത്തിന് ആക്കം കൂട്ടാൻ മടിക്കൈ കുണ്ടറ ഗുഹയ്ക്ക് സാധിക്കുമെന്നതിൽ സംശയമില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് എസ് പ്രീത പറഞ്ഞു.
What's Your Reaction?