ദാഹിറയിൽ വെങ്കല യുഗത്തിലെ വാസസ്ഥലം കണ്ടെത്തി.
മസ്കറ്റ്: ദാഹിറ ഗവർണറേറ്റിലെ റാഖ അൽ മദ്ര സ്ഥലത്ത് നടത്തിയ പുരാവസ്തു ഗവേഷണങ്ങളിൽ വെങ്കല യുഗത്തിലെ വാസസ്ഥലം കണ്ടെത്തി. അമേരിക്കൻ ദൗത്യവുമായി സഹകരിച്ച് പൈതൃക ടൂറിസം മന്ത്രാലയം നടത്തിയ ഖനനങ്ങളിൽ ബിസി 3200 മുതൽ 20700 വരെയുള്ള നിരവധി ശവക്കുഴികളും, വെങ്കലയുഗത്തിലെ നാല് കെട്ടിടങ്ങളും കണ്ടെത്തിയിരിക്കുന്നത്. ഈ സീസണിലെ ഖനനങ്ങൾ ബാത്ത് പുരാവസ്തു സ്ഥലത്തിന്റെ തെക്കു കിഴക്കായ് സ്ഥിതി ചെയ്യുന്ന റാഖ അൽ മദ്ര പ്രദേശത്തെ കേന്ദ്രീകരിച്ചായിരുന്നുവെന്ന് അമേരിക്കൻ പുരാവസ്തു ദൗത്യത്തിന്റെ തലവനായ പെൻസിൽ വാനിയ സർവ്വകലാശാലയിലെ ഡോക്ടർ ജെന്നിഫർ സുരേദ പറഞ്ഞു. വെങ്കല യുഗത്തിലെ ഏറ്റവും വലിയ കെട്ടിടം ഒരു വസതിയാണോ, അതോ ഒരു കമ്മ്യൂണിറ്റി പ്രവർത്തന കേന്ദ്രമാണോ എന്ന് നിർണയിക്കാനായിരുന്നു ഈ ഉദ്ഘനന ശ്രമങ്ങൾ നടത്തിയിരുന്നതെന്ന് ഡോക്ടർ സുരേദ അഭിപ്രായപ്പെട്ടു. ഖനനത്തിൽ നിന്ന് അടുപ്പുകളും, ചുവരുകളും കണ്ടെത്തി. ഇത് ആദ്യകാല ഇസ്ലാമിക കാലഘട്ടം വരെ ഉപയോഗിച്ചിരുന്നതായി സൂചിപ്പിക്കുന്നു. തീ കല്ലിൽ നിർമ്മിച്ച അമ്പടയാളം, ഉമ്മുൽനാർ കാലഘട്ടത്തിലെ കാർണേലിയൻ അമ്മ്യുലറ്റ്, മൺപാത്ര കഷണം, ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെ ഒരു ലോഹ ഉപകരണ തല, സിന്ധു നദീതടത്തിൽ നിന്ന് ഇറക്കുമതി ചെയ്ത സെറാമിക് പാത്രം, കാർമേലിയൻ കഷണം എന്നിവയാണ് കണ്ടെത്തിയ പുരാവസ്തുക്കളിൽ ഉൾപ്പെടുന്നത്.റാഖ അൽ മദ്രയിൽ താമസിച്ചിരുന്ന ആളുകളുടെ പ്രവർത്തനങ്ങളും പരിസ്ഥിതിയും മനസ്സിലാക്കാനായി പുരാതന സസ്യങ്ങളുടെ സൂക്ഷ്മ അവശിഷ്ടങ്ങൾ അടങ്ങിയ മണ്ണ് സാമ്പിളുകളും ശേഖരിച്ചു. 1970 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവ്വകലാശാലകളിൽ നിന്നുള്ള പുരാവസ്തു ദൗത്യങ്ങളെ ആകർഷിക്കുന്നതായി പൈതൃക ടൂറിസം മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ടെന്ന്ബാത്ത്, അൽ ഖുത്തും, അൽ ഐൻ എന്നിവിടങ്ങളിലെ പുരാവസ്തു സൈറ്റുകളുടെ വകുപ്പിലെ സാങ്കേതിക വിഭാഗം മേധാവി സുലൈമാൻ ബിൻ ഹമൂദ് അൽ ജാബ്രി പറഞ്ഞു. ബാത്ത് സെന്ററിൽ ഡാനിഷ്,ജർമൻ, ജപ്പാനീസ്,ഫ്രഞ്ച്, ഇറ്റാലിയൻ സർവ്വകലാശാലകളിൽ നിന്നുള്ള ദൗത്യ സംഘങ്ങൾ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. പെൻസിൽ വാനിയ സർവകലാശാലയും, ലൈഡൻ സർവ്വകലാശാലയും തമ്മിലുള്ള പങ്കാളിത്തമുള്ള നിലവിലെ ദൗത്യം 2007 മുതൽ സജീവമാണ്. ടവറുകൾ, ശവകുടീരങ്ങൾ, കെട്ടിടങ്ങൾ എന്നിവ പഠിക്കുന്നതിനൊപ്പം ബാത്ത്സൈറ്റിലെയും,പരിസരപ്രദേശങ്ങളിലെയും മണ്ണ് സാമ്പിളുകൾ, ജലസ്രോതസ്സുകൾ, മഴയുടെ അളവ് എന്നിവയും വിശകലനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?