മുബാറക്ക് അൽ കബീർ തുറമുഖം അടുത്തവർഷം പ്രവർത്തനക്ഷമമാകും.
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വികസനത്തിൽ നാഴികക്കല്ലാവുന്ന സ്വപ്ന പദ്ധതികളിൽ ഒന്നായ മുബാറക്ക് തുറമുഖം 2026 ൽ പ്രവർത്തനക്ഷമമാകും. ബുബിയാൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന മുബാറക്ക് അൽ കബീർ തുറമുഖ പദ്ധതി അവസാനഘട്ടത്തിലാണ്. വിഷൻ 2035 വികസന ദർശനത്തിലെ പ്രധാന പദ്ധതികളിൽ ഒന്നാണ് തുറമുഖം. രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തിൽ പദ്ധതി നിർണായക സംഭാവന അർപ്പിക്കും. സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം, വടക്കൻ മേഖലയുടെ വികസനം, ഡിജിപി വർദ്ധിപ്പിക്കൽ, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കൽ എന്നീ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്ന പദ്ധതിയാണ് മുബാറക്ക് അൽ കബീർ തുറമുഖം. കുവൈത്തിന്റെ വടക്കൻ തീരത്ത്യാൻ ദ്വീപിൽ ഇറാഖ് അതിർത്തിക്കടുത്താണ് തുറമുഖ നിർമ്മാണം. ഇറാഖിലേക്കുള്ള കപ്പൽ പാതക്ക് ഇത് തടസ്സം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇറാഖ് നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ തങ്ങളുടെ സമുദ്രാതിർത്തിക്കുള്ളിലാണ് മുബാറക്ക് അൽ കബീർ തുറമുഖം സ്ഥിതി ചെയ്യുന്നത് എന്നും, അത് ബസറയിലേക്കുള്ള കപ്പൽ പാതയിൽ ഒരുതരത്തിലുമുള്ള തടസ്സവും ഉണ്ടാക്കില്ലെന്നും കുവൈത്ത് ബോധിപ്പിച്ചു. 100 കോടി ദീനാർ ആണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. വിപുലവും അത്യാധുനികവുമായ സൗകര്യങ്ങളാണ് മുബാറക്ക് തുറമുഖം വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ തുറമുഖം പ്രവർത്തനം തുടങ്ങുമ്പോൾ ഇതുവഴിയുള്ള ചരക്കു നീക്കത്തിന്റെ ഇടത്താവളമായി മുബാറക്ക് അൽ കബീർ തുറമുഖം മാറുമെന്നാണ് പ്രതീക്ഷ.
What's Your Reaction?