ടാർ വീപ്പയിൽ കുടുങ്ങിയ നാലര വയസ്സുകാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
കാസർഗോഡ്: ഒളിച്ചു കളിക്കിടയിൽ ടാർ വീപ്പയിലേക്ക് ഇറങ്ങിയ നാലര വയസ്സുകാരിയെ മണിക്കൂറുകൾ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചട്ടഞ്ചാൽ എം.ഐ.സി കോളേജിനു സമീപത്തെ കദീജയുടെ മകൾ ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. സഹോദരിക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു ഫാത്തിമ. ഇതിനിടയിൽ റോഡ് ടാറിങ്ങിനായി കൊണ്ടുവന്ന ടാർവീപ്പ യിലേക്ക് ഇറങ്ങുകയായിരുന്നു. സമീപത്തെ കല്ലിൽ ചവിട്ടിയാണ് അകത്തേക്ക് ഇറങ്ങിയ ഫാത്തിമയുടെ നെഞ്ചോളം ടാറിൽ മുങ്ങി. കൂടെ കളിച്ചുകൊണ്ടിരുന്ന സഹോദരിയാണ് ഫാത്തിമ അപകടത്തിൽപ്പെട്ടതായി കണ്ടത്. ഉടൻ മാതാവിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് അയൽവാസികളും, പോലീസും സ്ഥലതെത്തിയെങ്കിലും കുഞ്ഞിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. വെയിലത്ത് ടാർ ഉരുകിയ സമയത്താണ് ഫാത്തിമ ടാർ വീപ്പയിലേക്ക് ഇറങ്ങിയത്. പിന്നീട് ടാർ തണുത്ത് കട്ടിയായതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. വിവരമറിഞ്ഞ് കാസർകോട് ഫയർസ്റ്റേഷനിലെ റീഡിങ് ഫയർമാൻ സണ്ണിയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി. 30 ലിറ്റർ ഡീസലും ആയാണ് ഫയർഫോഴ്സ് എത്തിയത്. ഡീസൽ ഒഴിച്ച് ടാറിന്റെ കട്ടി കുറച്ചു ഇങ്ങനെ പലതവണ ആവർത്തിച്ച ശേഷമാണ് ടാർ ദ്രാവക രൂപത്തിൽ ആക്കി കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത ശേഷം ഏറെനേരം പണിപെട്ടാണ് കുട്ടിയുടെ ശരീരത്തിൽ നിന്ന് ടാർ നീക്കം ചെയ്തത്. തുടർന്ന് ചെങ്കളയിലെ നായനാർ ആശുപത്രിയിൽ എത്തിച്ചു. ഫയർമാൻമാരായ രാജേഷ് പാവൂർ, ജിത്തു തോമസ്, അഭിലാഷ്, അരുണാ പി നായർ, ഡ്രൈവർമാരായ പ്രസീത്, രമേശ്, ഹോം കാർഡുമാരായ സോജൻ, രാജേഷ് എംപി എന്നിവരും ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു.
What's Your Reaction?