മലയാളത്തിന്റെ അഭിമാനം; കാനായിയെ ആദരിക്കാൻ പുല്ലൂർ ഒരുങ്ങി
കാഞ്ഞങ്ങാട്: ശില്പ കല ലോകത്ത് ഇതിഹാസ തുല്യമായ കലാ ജീവിതം നയിച്ച മലയാളത്തിന്റെ അഭിമാനം കാസർകോട്ടുകാരനായ കാനായി കുഞ്ഞിരാമന് ആദരമൊരുക്കാൻ പുല്ലൂർ ഗ്രാമം ഒരുങ്ങുന്നു. ഫെബ്രുവരി 22ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ പുല്ലൂരിലെ അഡ്വ: പി കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയമാണ് അവിസ്മരണീയമായ ആദരവ് ചടങ്ങിന് ആദിത്യമരുളുന്നത്. ഗ്രന്ഥാലയത്തിനൊപ്പം തിരുവനന്തപുരം ഫൈൻ ആർട്ട് കോളേജ് അലുംനി അസോസിയേഷൻ, ചിത്രകാർ കേരള എന്നീ സംഘടനകളും പരിപാടികളുമായി സഹകരിക്കുന്നുണ്ട്. ശില്പകലയെ പൊതു ഇടങ്ങളിലേക്ക് എത്തിച്ച് ജനകീയമാക്കിയ കലാകാരനാണ് കാനായി കുഞ്ഞിരാമൻ. ലോകത്തിന്റെ പലഭാഗങ്ങളിലായി പ്രഗൽഭരായ നിരവധി കലാകാരന്മാർ കാനായിയുടെ ശിഷ്യരായിട്ടുണ്ട്. പരമ്പരാഗതമായ ശില്പകലാസമ്പ്രദായത്തെയും ആസ്വാദനത്തെയും പൊളിച്ചെഴുതിയ ദേവ ശില്പിയാണ് കാനായി. മലമ്പുഴയിലെ യക്ഷി, ശങ്കുമുഖം കടപ്പുറത്തെ സാഗരക കന്യക, തോന്നിക്കലിലെ വീണപൂവ് ശില്പം, മുക്കോലക്കൽ പെരുമാൾ, വേളിയിലെ ശംഖ്, അമ്മയും കുഞ്ഞും, അക്ഷരശില്പം തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളം കാനായിയുടെ ശില്പങ്ങൾ മലയാളികളുടെ ആസ്വാദന രീതികളെ മാറ്റിമറിച്ചവയാണ്. മലമ്പുഴ ഉദ്യാനത്തിൽ തലമുടി വിടർത്തി കാലുകൾ അകറ്റി ഗോരരൂപണിയായി നിൽക്കുന്ന യക്ഷി ശിൽപ്പം കേരളീയ ശില്പകലാ ചരിത്രത്തിലെ പുതിയൊരേടാണ്. നഗ്നത സൗന്ദര്യവും ഉദാത്തമായ സൗന്ദര്യനുഭൂതിയുമാകുന്ന കാഴ്ചയാണ് അവിടെ കാണാൻ സാധിക്കുന്നത്. കാനായിയെ ആദരിക്കാൻ അദ്ദേഹത്തിന്റെ പ്രഗൽഭമതികളായ ശിഷ്യരിൽ ചലച്ചിത്ര സംവിധായകരായ രാജീവ് അഞ്ചൽ, നേമം പുഷ്പരാജ്, ടെൻസിങ് ജോസഫ് ഉൾപ്പെടെയുള്ളവർ ഒരേയൊരു കാനായി ആദരത്തിന്റെ ഭാഗമാകും. കവിയും ചലച്ചിത്ര ഗാന രചയിതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനുമായ കെ ജയകുമാർ ആദരച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രവാസിയായിരിക്കെ ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായിരുന്ന ആർ ജയകുമാറിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം കാനായിക്ക് സമർപ്പിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ പത്മനാഭൻ പറഞ്ഞു.
What's Your Reaction?