നീലേശ്വരത്ത് സർവീസ് റോഡ് നിർമ്മാണം; കരാർ കമ്പനിക്ക് അന്ത്യശാസനം നൽകി ആർ ഡി ഒ
നീലേശ്വരം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ സർവീസ് റോഡ് നിർമാണം ജൂൺ 22-നകം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ നൽകിയ നിർദേശം കർശനമായി പാലിക്കണമെന്ന് കാഞ്ഞങ്ങാട് ആർഡിഒ മേഘ കൺസ്ട്രക്ഷന് ശക്തമായ മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച രാവിലെ ആർഡിഒ ഓഫീസിൽ നടന്ന യോഗത്തിലാണ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അന്തിമ നിർദേശം നൽകിയത്. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ഈ മാസം 20-ന് ആർഡിഒ നേരിട്ടെത്തി സ്ഥലപരിശോധന നടത്തും.
സർവീസ് റോഡ് നിർമാണം വൈകുന്നതിനെതിരെ നഗരസഭാ ജനകീയ കർമ്മസമിതി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് വിഷയത്തിൽ അധികൃതർ ഇടപെട്ടത്. തുടർന്ന് വിളിച്ചുചേർത്ത യോഗത്തിൽ ജൂൺ 22-നകം നിർമാണം പൂർത്തിയാക്കണമെന്ന് കളക്ടർ നിർമാണ കമ്പനിക്ക് നിർദേശം നൽകിയിരുന്നു.
നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി നിലവിൽ നിർമ്മിച്ച മണൽപ്പാലം വഴി വാഹന ഗതാഗതം അനുവദിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജനകീയ കർമ്മസമിതി ഈ ആവശ്യം അംഗീകരിച്ച് ജൂൺ 22 വരെ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ സമ്മതിച്ചിരുന്നു. എന്നാൽ നിർമാണ പ്രവർത്തനങ്ങളുടെ മന്ദഗതിയെ തുടർന്ന് വീണ്ടും പരാതികൾ ഉയർന്നതോടെയാണ് കടുത്ത നടപടികൾക്ക് വഴിയൊരുങ്ങിയത്.
ആർഡിഒ കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നഗരസഭാ ജനകീയ കർമ്മസമിതി ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കൺവീനർ ഇ. ഷജീർ, രക്ഷാധികാരി മാമുനി വിജയൻ, കൗൺസിലർ പി.വി. സതീശൻ, ആർഡിഒ ഓഫീസ് സൂപ്രണ്ട് ഗോപാലകൃഷ്ണൻ, തഹസിൽദാർ പി.കെ. പ്രമേനന്ദ്, ഡെപ്യൂട്ടി തഹസിൽദാർ പി.വി. തുളസിരാജ്, നിർമാണ കമ്പനി പ്രതിനിധികൾ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
What's Your Reaction?