പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ കൊന്ന് കൊക്കയില്‍ തള്ളിയ യുവാവ് ഇറാന്‍ യുവതിയൊടൊപ്പം പിടിയില്‍.
ഇടുക്കി: കോട്ടയം സ്വദേശിനിയുടെ മൃതദേഹം ഇടുക്കിയിൽ കൊക്കയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവരുടെ ഭർത്താവ് സാം കെ.ജോർജ് (59)നെ പൊലീസ് അറസ്റ്റ് ചെയ്തത്. ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചെപ്പുകുളത്തെ കൊക്കയിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതേ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയത്. മൈസുരുവിൽ നിന്നാണ് ഇയാളെ കുറവിലങ്ങാട് പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇറാനിയൻ യുവതിയും പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഐടി പ്രഫഷനലയ സാം എംജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സും പഠിക്കുന്നുണ്ട്. അവിടെ സഹപാഠിയാണ് ഇറാനിയൻ യുവതി. ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിൻ്റിൽ റോഡിൽ നിന്ന് 50 അടി താഴെ നിന്ന് ജെസിയുടെ മൃതദേഹം കണ്ടെത്തി. വീടിൻ്റെ മുകളിലും താഴെയുമാണ് 15 വർഷമായി സാമും ജെസിയും താമസിച്ചിരുന്നത്. 26ന് രാത്രി കാണക്കാരിയിലെ വീടിൻ്റെ സിറ്റൗട്ടിൽ വച്ച് തർക്കമുണ്ടാകുകയും കയ്യിൽ കരുതിയിരുന്ന മുളക് സ്പ്രേ ജെസിക്കു നേരെ സാം പ്രയോഗിക്കുകയുമായിരുന്നു. പിന്നീട് കിടപ്പുമുറിയിൽ വച്ച് മൂക്കും വായും തോർത്ത് ഉപയോഗിച്ച് അമർത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിൻ്റെ ഡിക്കിയിൽ കയറ്റി രാത്രി ഒരു മണിക്ക് ചെപ്പുകുളത്തെത്തി കൊക്കയിലറിഞ്ഞു. തുടർന്ന് സാം മൈസൂരിലേക്കു കടന്നു. കൊലപാതകത്തിന് 10 ദിവസം മുമ്പ് ഇയാൾ ചെപ്പുകുളത്തെത്തി സാഹചര്യങ്ങൾ മനസ്സിലാക്കിയിരുന്നു. ഉഴവൂർ അരീക്കരയിൽ ഇയാൾക്ക് 4.5 ഏക്കർ ഭൂമിയും ഗോവയിലും കോവളത്തും ഫ്ലാറ്റുകളുമുണ്ട്. സ്വത്ത് സംബന്ധിച്ച് ഭാര്യയുമായുള്ള കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകളുടെ വിധി ജെസിക്ക് അനുകൂലമായേക്കാം എന്ന തോന്നലും കൊലപാതകത്തിനു കാരണമായതായി പൊലീസ് പറഞ്ഞു. ഇവർക്ക് 25, 23 വയസ്സുള്ള 2 ആൺമക്കളും 28 വയസ്സുള്ള ഒരു മകളുമുണ്ട്. മക്കളെല്ലാം വിദേശത്താണ്. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയിൽ കുറവിലങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
What's Your Reaction?