പാക്ക് ചാര സംഘടനയ്ക്ക് വേണ്ടി ചാരപ്രവൃത്തി മലയാളിയടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ.
കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയിനി കടമക്കുടി സ്വദേശി പി എ അഭിലാഷാണ് പിടിയിലായ മലയാളി.
കൊച്ചി: പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തി നൽകിയെന്ന കേസിൽ മലയാളിയടക്കം മൂന്നു പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) അറസ്റ്റ് ചെയ്തു.
കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയിനി കടമക്കുടി സ്വദേശി പി എ അഭിലാഷാണ് പിടിയിലായ മലയാളി.
ഉത്തര കന്നട ജില്ലയിൽനിന്ന് വേതൻ ലക്ഷ്മൺ ടൻഡൽ, അക്ഷയ് രവി നായിക് എന്നിവരെയും എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിൽ ഇതുവരെ എട്ടുപേർ അറസ്റ്റിലായി.
കൊച്ചി നാവിക താവളത്തിലും, കാർവാർ നാവിക താവളത്തിലുമുള്ള ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയെന്നാണ് കേസ്.
അറസ്റ്റിലായ മൂന്നു പ്രതികളും കാർവാർ താവളത്തിന്റെ ചിത്രങ്ങളും നാവിക നീക്കങ്ങളുടെ വിശദാംശങ്ങളും പാക്കിസ്ഥാൻ ഏജൻസിക്ക് കൈമാറി. ഇതിന് പ്രതിഫലമായി പണം സ്വീകരിച്ചതായും എൻഐഎ അറിയിച്ചു.
വിശാഖപട്ടണം കപ്പൽ ശാലയിലെ വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തിയെന്ന കേസിൽ കഴിഞ്ഞവർഷം അഭിലാഷിനെയും, കൊച്ചി കപ്പൽശാലയിലെ വെൽഡർ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂർ സ്വദേശി അഭിഷേകിനെയും എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാക്ക് ചാര വനിതയ്ക്ക് സുപ്രധാന വിവരങ്ങൾ കൈമാറി എന്നായിരുന്നു കേസ് തെളിവ് ലഭിക്കാത്തതിനാൽ അഭികാശിനെ വിട്ടയച്ചെങ്കിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.
What's Your Reaction?