പൂച്ചക്കാട്ടെ അബ്ദുൾ ഗഫൂർ ഹാജിവധക്കേസ്; നാളെ കുറ്റപത്രം സമർപ്പിക്കും.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കൊലക്കേസുകൾ അന്വേഷിച്ച് തെളിയിച്ച് ശ്രദ്ധേയനായ ഡി.വൈ.എസ് പി,കെ.ജെ ജോൺസന്റെ നേതൃത്വത്തിൽ രണ്ടാഴ്ച നടത്തിയ അന്വേഷണത്തിൽ തന്നെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജി വധക്കേസിലെ അഞ്ചു പ്രതികൾക്കെതിരെ നാളെ കുറ്റപത്രം സമർപ്പിക്കും. ഹോസ്ദുർഗ്ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് കുറ്റപത്രം സമർപ്പിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി സി ആർ ബി ഡി വൈ എസ് പി കെ ജോൺസൺ പറഞ്ഞു. കേസിൽ ഏഴു പ്രതികളാണുള്ളത്. ഇവരിൽ രണ്ടുപേർ വിദേശത്താണ്. ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മാങ്ങാട് കൂളിക്കുന്നിലെ കോട്ടേഴ്സിൽ താമസിക്കുന്ന ഉവൈസ് എന്ന ഉബൈദ് ഒന്നും, ഭാര്യ ജിന്നുമ്മ എന്ന ഷമീന രണ്ടും, പൂച്ചക്കാട്ട് അസ്‌രീഫ മൂന്നും, മധൂർ കൊല്യയിലെ ആയിഷ നാലാം പ്രതിയുമാണ്. ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തുക. അബ്ദുൽ ഗഫൂർ ഹാജിയിൽ നിന്നും കൈക്കലക്കിയ 596 പവൻ സ്വർണാഭരണങ്ങൾ ബാങ്കുകളിൽ പണയപ്പെടുത്താൻ സഹായിച്ചതിനാണ് ആയിഷയെ കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. മറ്റു പ്രതികൾ റിമാൻഡിൽ ആണ്. തട്ടിയെടുത്ത സ്വർണാഭരണങ്ങളിൽ നിന്നു 117 പവൻ സ്വർണവും, പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേരത്തെ ബേക്കൽ പോലീസ് അന്വേഷിച്ച കേസ് നവംബർ പകുതിയോടെയാണ് ഡിസി ആർ ബി വൈ എസ് പി കെ ജെ ജോൺസണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു വിട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവി ഡി ശിൽപ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കൊലക്കേസുകൾ അന്വേഷിച്ച് തെളിയിച്ച് ശ്രദ്ധേയനായ ജോൺസന്റെ നേതൃത്വത്തിൽ രണ്ടാഴ്ച നടത്തിയ അന്വേഷണത്തിൽ തന്നെ പ്രതികളെ തിരിച്ചറിഞ്ഞു. 2024 ഡിസംബർ രണ്ടിന്നാണ് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നാണ് മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ദൃക്സാക്ഷികൾ ഇല്ലാത്ത കൊലപാതകം ആയതിനാൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിനാണ് അന്വേഷണസംഘം മുൻതൂക്കം കൊടുത്തത്. കൊലപാതകത്തിനു മുമ്പും, ശേഷവും പ്രതികൾ തമ്മിൽ നടത്തിയ ഫോൺ വിളികളും, വാട്സ്ആപ്പ് സന്ദേശങ്ങളുമാണ് പ്രധാന തെളിവുകളായി കണ്ടെത്തിയത്. ശബ്ദം പ്രതികളുടെതാണെന്ന് തെളിയിക്കുന്നതിനായി പ്രതികളെ കണ്ണൂർ ആകാശവാണി നിലയത്തിൽ എത്തിച്ച് ശബ്ദ പരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. 2023 ഏപ്രിൽ 14ന് രാത്രിയിലാണ് അബ്ദുൽ ഗഫൂർ ഹാജി കൊല്ലപ്പെട്ടത്. സ്വാഭാവിക മരണമെന്ന നിലയിലാണ് കബറടക്കം നടത്തിയത്. എന്നാൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതിൽ സംശയം തോന്നിയ മകൻ പരാതി നൽകിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയാനും, പ്രതികളെ ഇരുമ്പഴിക്കുള്ളിൽ ആക്കാനും പോലീസിനു കഴിഞ്ഞത്.
What's Your Reaction?