ബലി പെരുന്നാൾ ദിവസം ആക്രമം; യുവാവ് മരിച്ച കേസിൽ അയൽവാസിക്ക് അഞ്ച് വർഷം തടവും, അര ലക്ഷം രൂപ പിഴയും

Jan 25, 2026 - 08:46
 0
ബലി പെരുന്നാൾ ദിവസം ആക്രമം; യുവാവ് മരിച്ച കേസിൽ അയൽവാസിക്ക് അഞ്ച് വർഷം തടവും, അര ലക്ഷം രൂപ പിഴയും

കാസർകോട്: ബലിപെരുന്നാൾ ദിവസം പള്ളിമുറ്റത്ത് വെച്ച് യുവാവിനെ ആണി തറച്ച പലക കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്ത കേസിലെ പ്രതിയെ അഞ്ചുവർഷം കഠിന തടവിനും അരലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. ബാര മീത്തൽ മാങ്ങാട്ടെ ഹബീബിനെ(40)യാണ് ജില്ലാ ജഡ്ജ് സാനു എസ് പണിക്കർ ശിക്ഷിച്ചത്. കുടുംബ കോടതിയിലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ ജയിലിൽ കഴിയുന്ന ഹബീബിനെ വീഡിയോ കോൺഫറൻസ് വഴിയാണ് ശിക്ഷിച്ചത്. ഹബീബിന്റെ അയൽവാസിയായ റഷീദ്(42) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. 2022 ജൂലൈ 22ന് ബലിപെരുന്നാൾ ദിവസമാണ് നാടിന് നടുക്കിയ സംഭവമുണ്ടായത്. രാവിലെ കൂളിക്കുന്ന് ജുമാമസ്ജിദിൽ നടന്ന പെരുന്നാൾ നിസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു റഷീദ്. ഈ സമയത്ത് അയൽവാസിയായ ഹബീബിനെ കണ്ടപ്പോൾ റഷീദ് ഈദ് മുബാറക്ക് ആശംസിച്ചു. എന്നാൽ മുൻ വൈരാഗ്യം മനസ്സിൽ വച്ചിരുന്ന ഹബീബ് താൻ ആരാണ് എന്നോട് ഈദ് മുബാറക്ക് പറയാൻ എന്ന് ആക്രോശിക്കുകയും സ്ഥലത്ത് മദ്രസ നിർമ്മാണത്തിനായി വച്ചിരുന്ന ആണി തറച്ച മരപ്പലകയെടുത്ത് റഷീദിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു എന്നാണ് മേൽപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്. നെറ്റിയിൽ ഗുരുതരമായി പരിക്കേറ്റ റഷീദിനെ ആദ്യം ഉദുമയിലെ ആശുപത്രിയിലും പിന്നീട് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ കാസർകോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ആയിരുന്നു മരണം സംഭവിച്ചത്. റഷീദിന്റെ ബന്ധുവായ മുഹമ്മദ് സൽമാൻ ഹാരിസ് നൽകിയ പരാതിയിലാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. ഇൻസ്പെക്ടർ ആയിരുന്നു ഉത്തംദാസും പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow