ബിഹാറിൽ പത്താം ക്ലാസ് വിദ്യാർഥി സഹപാഠിയെ വെടിവച്ച് കൊന്നു.
ബീഹാർ: പരീക്ഷയ്ക്കിടെ ഉത്തരക്കടലാസ് കാണിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബീഹാറിലെ റോഹ്താസ് ജില്ലയിൽ പത്താം ക്ലാസ് വിദ്യാർഥി സഹപാഠികൾക്ക് നേരെനടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും, മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.
അമിത് കുമാർ എന്ന വിദ്യാർഥിയാണ് മരിച്ചത്. സഞ്ജിത് കുമാർ എന്ന വിദ്യാർഥിയാണ് പരിക്കു പറ്റി ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൂടെ ആക്രമണത്തിനുപയോഗിച്ച നാടൻ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഒരു ദിവസം മുമ്പ് സംസ്‌കൃതം പരീക്ഷയ്ക്കിടെ ആക്രമിച്ച കുട്ടി തൻ്റെ രണ്ട് സഹപാഠികളോട് അവരുടെ ഉത്തരക്കടലാസുകൾ കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവരതിന് തയാറായില്ല. തുടർന്ന് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് വെച്ച് ഭീഷണിപ്പെടുത്തുകയും സംഘർഷം ഉണ്ടാകുകയും ചെയ്‌തെങ്കിലും മറ്റ് വിദ്യാർഥികൾ എത്തി രംഗം ശാന്തമാക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് അമിതും, സഞ്ജിതും വീട്ടിലേക്ക് മടങ്ങാനായി ഓട്ടോ റിക്ഷയിൽ കയറുമ്പോൾ പ്രതി സുഹൃത്തുക്കളോടൊപ്പം എത്തി ഇരകളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതായി പോലീസ് പറഞ്ഞു.
സംഘർഷത്തിനിടെ നാടൻ പിസ്റ്റൾ ഉപയോഗിച്ച് ഇയാൾ വെടിയുതിർക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഇവർ തന്നെ അപമാനിച്ചിരുന്നതായാണ് വെടിയുതിർത്ത വിദ്യാർഥി പറയുന്നത്. വ്യാഴാഴ്ചയും അപമാനം തുടർന്നതോടെ ഇതിന്‍റെ വൈരാഗ്യത്തിലാണ് സഹപാഠികളെ വെടിവെച്ചതെന്നാണ് വിദ്യാർഥി പറഞ്ഞത്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ
സിസിടിവി അടക്കം കൂടുതൽ അന്വേഷണം തുടരുകയാണ്.
What's Your Reaction?