നിയമ ലംഘനം; ദുബായ് പോലീസ് നാല് പ്രിന്റിംഗ് പ്രസ്സുകൾ അടച്ചുപൂട്ടി.
മസാജ് കാർഡ് വിതരണത്തിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ദുബായ്: പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി, മസാജ് സേവനങ്ങൾക്കായി പ്രൊമോഷണൽ കാർഡുകൾ നിയമവിരുദ്ധമായി വിതരണം ചെയ്ത നാല് പ്രിന്റിംഗ് പ്രസ്സുകൾ ദുബായ് പോലീസ് അടച്ചുപൂട്ടി.
ഈ പ്രസ്സുകളുമായി ബന്ധമുള്ള വ്യക്തികൾ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രമോഷണൽ കാർഡുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് മോഷണം അല്ലെങ്കിൽ കൊള്ളയടിക്കൽ പോലുള്ള അപകടസാധ്യതകൾക്ക് അവരെ വിധേയരാകേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
ഈ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ, മസാജ് കാർഡുകളുമായി ബന്ധപ്പെട്ട ദോഷകരമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഒരു പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചു. സമൂഹത്തെ സംരക്ഷിക്കുന്നതിനും, പൊതുജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്ന നടപടികൾക്കെതിരെ നടപടിയെടുക്കുന്നതിനും ഈ സംഘം 24 മണിക്കൂറും പ്രവർത്തിക്കും.
മസാജ് സർവീസ് കാർഡുകളുടെ വിതരണമോ, പോസ്റ്റോ ഉൾപ്പെടെയുള്ള സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
901 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ, ദുബായ് പോലീസ് ആപ്പിലെ 'പോലീസ് ഐ' ഫീച്ചർ ഉപയോഗിച്ചോ പരാതികൾ അറിയിക്കാം.
901-കോൾ സെന്റർ 24/7 പ്രവർത്തിക്കുന്നു, അടിയന്തരമല്ലാത്ത അന്വേഷണങ്ങളും, റിപ്പോർട്ടുകളും കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഇതിന്നായി തയ്യാറാണ്.
'പോലീസ് ഐ' സേവനം വഴി താമസക്കാർക്ക് ലംഘനങ്ങൾ ടെക്സ്റ്റ്, വോയ്‌സ്, വീഡിയോ അല്ലെങ്കിൽ ഇമേജുകൾ വഴിയും റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ട്.
ദുബായിയെ സുരക്ഷിതമായ നഗരമാക്കുന്നതിനുള്ള പരിപാടികളും, സംരംഭങ്ങളും വികസിപ്പിക്കുന്നതിൽ പൊതുജനങ്ങളുടെ സഹകരണ ശ്രമങ്ങൾ നിർണായകമാണെന്ന് ദുബായ് പോലീസ് പറഞ്ഞു. വാഹനങ്ങളിൽ പ്രൊമോഷണൽ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മസാജ് സ്ഥാപനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള നിരന്തരമായ കാമ്പെയ്‌നുകൾ ഉൾപ്പെടെ, അനുസരണക്കേട് കാണിക്കുന്ന ബിസിനസുകൾക്ക് പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമക്കി.
What's Your Reaction?