മടിക്കൈ ഓർക്കോൽ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവത്തിന് നാളെ തുടക്കം
മടിക്കൈ: 28 വർഷത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ ആവേശത്തിൽ നാടെങ്ങും ഉത്സവലഹരിയിൽ. മടിക്കൈ എരിക്കുളം ഓർക്കോൽ മീത്തലെപ്പുര തറവാട്ടിൽ മാർച്ച് 6 മുതൽ 8 വരെ നടക്കുന്ന വയനാട്ട് കുലവൻ തെയ്യംകെട്ട് ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷകമ്മിറ്റി ചെയർമാനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി പ്രഭാകരൻ ചെയർമാനും ഗംഗാധരൻ താളിക്കുണ്ട് ജനറൽ കൺവീനറുമായിട്ടുള്ള ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷങ്ങൾ നടക്കുന്നത്. 6-ന് രാവിലെ 8:30ന് കലവറ നിറയ്ക്കൽ. വൈകിട്ട് 6 മുതൽ തെയ്യം കൂടൽ. ഏഴിന് വൈകിട്ട് 5 മണിക്ക് കാർന്നോൻ തെയ്യത്തിന്റെ വെള്ളാട്ടം. 6:30ന് കോരച്ചൻ ദൈവത്തിന്റെ വെള്ളാട്ടവും, രാത്രി ഒമ്പതിന് കണ്ടനാർ കേളൻ തെയ്യത്തിന്റെ വെള്ളാട്ടവും അരങ്ങിലെത്തും. തുടർന്ന് ബപ്പിടൽ ചടങ്ങ്. രാത്രി 12ന് വിഷ്ണുമൂർത്തി തെയ്യത്തിന്റെ തിടങ്ങൽ. തുടർന്ന് വയനാട്ടുകുലവൻ വെള്ളാട്ടം. എട്ടിന് രാവിലെ 7 മണിക്ക് കാർന്നോൻ. 9-ന് കോരച്ചൻ. ഉച്ചയ്ക്ക് 12ന് കണ്ടനാർ കേളൻ തെയ്യങ്ങൾ അരങ്ങിലെത്തും. വൈകിട്ട് നാലിന് വയനാട് കുലവൻ ദൈവത്തിന്റെ പുറപ്പാടും ചടങ്ങും നടക്കും. തുടർന്ന് വിഷ്ണുമൂർത്തി കെട്ടിയാടും. രാത്രി 10 മണിക്ക് മറ പിളർക്കൽ ചടങ്ങ്. തുടർന്ന് കൈവീത് ചടങ്ങോടെ ഉത്സവം സമാപിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനത്തിനായി വിപുലമായ സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. 25000 പേർക്ക് ഭക്ഷണം ഒരുക്കാനും വിളമ്പാനുമുള്ള സൗകര്യത്തോടെയുള്ള ഭക്ഷണശാല. പത്തായിരം പേർക്ക് ഉത്സവ ചടങ്ങുകൾ കാണാൻ പറ്റുന്ന രീതിയിൽ മറക്കളം. ക്ഷേത്രത്തിന്റെ 50 മീറ്റർ മാറി വയലിൽ ഒരേക്കറിലാണ് ഭക്ഷണവിതരണം സ്ഥലം ഒരുക്കിയിരിക്കുന്നത്. ഉത്സവാഘോഷങ്ങൾ പൂർണമായും ഹരിത ചട്ട പ്രകാരമാണ് നടക്കുന്നത്. ഇത് പ്രകാരം ഉത്സവത്തിന്റെ അടുക്കള മുതൽ കലവറ വരെ തെങ്ങോല, കവുങ്ങ്, മുള എന്നിവ ഉപയോഗിച്ചാണ് പണിതത്. ഉത്സവത്തിന്റെ ഭാഗമായി ഉത്സവ നഗരിയിലേക്കുള്ള റോഡുകൾ ടാറിങ് പൂർത്തിയാക്കിയിട്ടുണ്ട്. വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ ഭാഗമായി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒന്നര കിലോമീറ്റർ പുതുതായി റോഡ് പണിതു. ആലംപാടി ക്ഷേത്രം മുതൽ കോളിക്കുന്ന് റോഡ് വരെയാണ് പുതിയ പാത നിർമ്മിച്ചത്. റോഡ് ഒരുക്കുന്നതിൽ നാട്ടുകാരുടെ സജീവ പങ്കാളിത്തമുണ്ടായി. വർഷങ്ങൾക്ക് ശേഷം നടക്കുന്ന തെയ്യംകെട്ട് മഹോത്സവം നാട്ടിലെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് സംഘാടകർ. മാസങ്ങളോളം വിശ്രമമില്ലാതെയുള്ള പരിശ്രമത്തിന്റെ പരിസമാപ്തിയിലേക്കെത്തിയതിന്റെ ആശ്വാസത്തിലും ആവേശത്തിലുമാണ് നാടും നാട്ടുകാരും. വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരൻ, ജനറൽ കൺവീനർ ഗംഗാധരൻ താളിക്കുണ്ട്, വൈസ് ചെയർമാൻ അനിൽ നീരളി, വർക്കിംഗ് ചെയർമാൻമാരായ കെ വി ശ്രീനിവാസൻ, സുകുമാരൻ കാണോത്ത്, സുധാകരൻ പോത്തൻകൈ, സുരേഷ് കോളിക്കുന്ന്, ട്രഷറർ നാരായണൻ ഓർക്കോൽ, ദേവസ്ഥാനം സെക്രട്ടറി വിനോദ് കോളികുന്ന് എന്നിവർ സംബന്ധിച്ചു.
What's Your Reaction?