മരിച്ചെന്നു കരുതിയ കാസർകോട് സ്വദേശിയെ അഞ്ചു വർഷങ്ങൾക്ക് ശേഷം രാജസ്ഥാനിൽ നിന്നും കണ്ടെത്തി
കാസർകോട്: അഞ്ചു വർഷം മുമ്പ് കാസർകോട്ടെ മായിപ്പാടിയിൽ നിന്നും കാണാതായ യുവാവിനെ രാജസ്ഥാനിൽ നിന്നും കണ്ടെത്തി. മായിപ്പാടിയിലെ കെ കുഞ്ഞാലിയുടെ മകൻ അബ്ദുൾ സലാമിനെ(40)യാണ് രാജസ്ഥാനിലെ അപാഘർ എന്ന സ്ഥലത്തു നിന്നും മലയാളിയായ നേവി ഉദ്യോഗസ്ഥന്റെ സഹായത്തോടെ കണ്ടെത്തിയത്. മാനസികാസ്വസ്ഥ്യമുള്ള അബ്ദുൾ സലാം കാസർക്കോട് കുട്ലു എന്ന് ആവർത്തിച്ച് ഉരുവിടുന്നത് ശ്രദ്ധയിൽപ്പെട്ട നേവി ഉദ്യോഗസ്ഥൻ കാസർകോട് ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചതിനെ ത്തുടന്ന് അന്വേഷണത്തിന്ന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിൽ ആലംപാടി നൂറുൽ ഇസ്ലാം അനാഥാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയതായും, മായിപ്പാടി ചിപ്പാറിലാണ് വീടെന്ന് കണ്ടെത്തുകയും ചെയ്തു. ബന്ധുക്കൾ പറയുന്നതനുസരിച്ച് മാനസികാസ്വാസ്ഥ്യമുള്ള അബ്ദുൾ സലാമിനെ അഞ്ചു വർഷം മുമ്പ് കാണാതാവുകയായിരുന്നുവെന്നാണ്. നിരവധി സ്ഥലങ്ങളിൽ ഒരുപാട് കാലം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ മരിച്ചിരിക്കാമെന്ന നിഗമനത്തിൽ ബന്ധുക്കൾ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പഴയതും, പുതിയതുമായ സലാമിന്റെ ചിത്രങ്ങൾ താരതമ്യം ചെയ്ത് ഉറപ്പാക്കിയ ശേഷം യുവാവ് താമസിച്ചു വന്ന അപാഘർ ആശ്രമവുമായി കാസർക്കോട് സ്റ്റേഷൻ ഇൻസ്പെക്ടർ നളിനാക്ഷൻ ബന്ധപ്പെടുകയായിരുന്നു. ജയ്പൂർ സെൻട്രൽ ഡിറ്റക്റ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സിൽ പങ്കെടുക്കുകയായിരുന്ന കാസർകോട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ രതീഷ്, ബദിയടുക്ക പോലീസ് സ്റ്റേഷനിലെ നീനിയർ പോലീസ് ഓഫീസർ ഗോഗുൽ എന്നിവരുടെ സഹായത്തോടെ കച്ചാമൻ സിറ്റി എന്ന സ്ഥലത്തുള്ള അപാഘർ എന്ന സ്ഥലതെത്തി അബ്ദുൾ സലാമിനെ കൂട്ടി കൊണ്ടുവരികയായിരുന്നു.
What's Your Reaction?