മൂന്നര കിലോ എംഡിഎംഎ കേസ്; ഒളിവിലായിരുന്ന ഉപ്പളള സ്വദേശി സുഹൈൽ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ
മഞ്ചേശ്വരം: ഉപ്പള പത്വാടിയിലെ വീട്ടിൽനിന്ന് മൂന്നര കിലോ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉപ്പള മൊഗർ സ്വദേശി സുഹൈലിനെയാണ് ന്യൂഡൽഹി വിമാനത്താവളത്തിൽ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
കേസിൽ പ്രതിയായ സുഹൈൽ ഗൾഫിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ചു. ഗൾഫിൽ മറ്റൊരു കേസിൽ പിടിയിലായ സുഹൈലിനെ അധികൃതർ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തിയ ഉടൻ ഇയാളെ തടഞ്ഞുവെച്ച് ഡൽഹി പൊലീസ് മഞ്ചേശ്വരം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് മഞ്ചേശ്വരം പൊലീസ് ഡൽഹിയിലെത്തി പ്രതിയുമായി കാസർകോട്ടേക്ക് തിരിച്ചു.
കാസർകോട് എസ്.പി. അശോക് അച്യുതിന്റെ മേൽനോട്ടത്തിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നായ പത്വാടി കേസ് അന്വേഷിക്കുന്നത്.
2024 സെപ്റ്റംബർ 20ന് വൈകിട്ട് നാലോടെയാണ് പത്വാടിയിലെ അസ്കർ അലി (25)യുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടിയത്. രാത്രികാലങ്ങളിലടക്കം അജ്ഞാത വാഹനങ്ങളും ആളുകളും വീട്ടിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പരിശോധന.
കേസിലെ പ്രധാന പ്രതികളായ തളങ്കര ബാങ്കോട്ടെ ഹബീബ്, ബാഗ് ഹൗസിലെ മുഹമ്മദ് ലിസാൻ അലി എന്നിവരെ രണ്ടാഴ്ച മുമ്പ് കർണാടകയിലെ മടിക്കേരി കുശാൽനഗറിലെ ഒളിത്താവളത്തിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു.
What's Your Reaction?