യുവതിയുടെ വയറ്റിൽ നിന്നും 23 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു

Feb 3, 2026 - 06:24
Feb 3, 2026 - 06:25
 0
യുവതിയുടെ വയറ്റിൽ നിന്നും 23 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു

കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ 25 വയസ്സ് പ്രായമുള്ള യുവതിയുടെ വയറ്റിൽ നിന്നും 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയമുഴ നീക്കം ചെയ്തു. മുഴക്ക് 45 സെന്റീമീറ്റർ നീളവും 45 സെന്റീമീറ്റർ വീതിയുമുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ സംഭവമാണിത്. രണ്ടുമണിക്കൂർ നീണ്ട വളരെ സങ്കീർണമായ ശസ്ത്രക്രിയ ഇന്നലെ രാവിലെയാണ് നടത്തിയത്. ഇത്തരത്തിലുള്ള മുഴ യുവതിയുടെ വയറ്റിൽ ഉണ്ടെന്നത് സംബന്ധിച്ച് 2023-ൽ തന്നെ വ്യക്തമായിരുന്നുവെങ്കിലും ശസ്ത്രക്രിയ ചെയ്തിരുന്നില്ല. രോഗിയുടെ വയർ വീർക്കുകയും നടക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ശസ്ത്രക്രിയയ്ക്ക് തയ്യാറായത്. രോഗി സുഖം പ്രാപിച്ചു വരുന്നതായി മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ അരുൺ പ്രീത് അറിയിച്ചു. ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോക്ടർ മോളി സാം, അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ സി എം സിദ്ദീഖ്, സീനിയർ റസിഡന്റ് ഡോക്ടർ എമിൽ ജോസ്, അനസ്തേഷ്യ വിഭാഗത്തിലെ പ്രൊഫസർ ഡോക്ടർ എൻ തസ്നീം മുഹമ്മദ്, ഡോക്ടർ ലക്ഷ്മി വി നായർ, അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ റിഥുൽ, നഴ്സിംഗ് ഓഫീസർ പി എസ് അശ്വതി, തിയറ്റർ അസിസ്റ്റന്റ് പി വി പ്രബോധ് ചന്ദ്രൻ, നഴ്സിംഗ് അസിസ്റ്റന്റ് എൻ പി മിനി, ഹെഡ് നേഴ്സുമാരായ ദീപമാണി, പി എം സീമ എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow