വാഹനാപകടത്തിൽ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒന്നേകാൽ കോടി രൂപ ഇൻഷുറൻസ് തുക കൈമാറി
നീലേശ്വരം: മയക്കുമരുന്ന് പ്രതിയെ പിടികൂടാൻ പോകവേ വാഹനാപകടത്തിൽ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒന്നേകാൽ കോടി രൂപ ഇൻഷുറൻസ് തുക കൈമാറി. കഴിഞ്ഞ സെപ്റ്റംബർ 26ന് പുലർച്ചെ വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നാർകോട്ടിക്ക് കേസിൽ ഉൾപ്പെട്ട പ്രതിയെ പിടിക്കുന്നതിനായി കാറിൽ സഞ്ചരിക്കവെ ചെങ്കളയിൽ വെച്ചാണ് വാഹനാപകടത്തിൽസജീഷ് മരിച്ചത്. കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ അപകട ഇൻഷുറൻസ് തുക 25 ലക്ഷം രൂപയും, എസ് ബി ഐ യുടെ അപകട ഇൻഷുറൻസ് ഒരുകോടി രൂപയും ഇന്ന് രാവിലെ നീലേശ്വരം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ഡി ജി പി യും വിജിലൻസ് മേധാവിയുമായ മനോജ് എബ്രഹാം കുടുംബത്തിന് കൈമാറി. സജീഷിന്റെ പേരിലുള്ള 24 ലക്ഷത്തിലധികം വരുന്ന ഭവന വായ്പ സംഘം ഏറ്റെടുത്ത് വീടിന്റെ രേഖകളും സംഘത്തിന്റെ പദ്ധതി പ്രകാരം സജീഷിനെ ലഭിച്ച പത്ത് ലക്ഷം രൂപയും നേരത്തെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ കുടുംബത്തിന് കൈമാറിയിരുന്നു. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി വിജയ ഭരത് റെഡ്ഡി, കെ പി എസ് ഒ ട്രഷറർ ഉണ്ണികൃഷ്ണൻ, കെ പി ഒ എ ജില്ലാ സെക്രട്ടറി പി രവീന്ദ്രൻ, എസ് ബി ഐ റീജിയണൽ മാനേജർ രാജേഷ്, കെ പി എ ഒ ജില്ലാ സെക്രട്ടറി പി വി സുധീഷ്, പ്രസിഡന്റ് പി പ്രകാശൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എ പി സുരേഷ്, കാസർകോട് ജില്ലാ സഹകരണ സംഘം പ്രസിഡന്റ് ടി ഗിരീഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ വി സുരേഷ് എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ പി പ്രവീൺ അധ്യക്ഷത വഹിച്ചു. സംഘം എക്സിക്യൂട്ടീവ് ഡയറക്ടർ ഇ വി പ്രദീപൻ സ്വാഗതവും, സംഘം ഡയറക്ടർ രാജേഷ് കടമ്പേരി നന്ദിയും പറഞ്ഞു.
What's Your Reaction?