വിസാ നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടിയുമായി യു.എ.ഇ
അബുദാബി: വിസ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടിയുമായി യു.എ.ഇ. പൊതുമാപ്പ് കാലയളവിന് ശേഷം നടത്തിയ പരിശോധനയിൽ ആറായിരത്തോളമാളുകളെ പിടികൂടിയതായി അധികൃതർ അറിയിച്ചു. ഇവരെ നാടുകടത്തുന്നതടക്കമുളള നടപടികൾ പുരോഗമിക്കുകയാണെന്ന് താമസകുടിയേറ്റ വകുപ്പ് വ്യക്തമാക്കി.
വിസാനിയമലങ്കരെ കണ്ടെത്താൻ ശക്തമായ നടപടികളാണ് രാജ്യമെങ്ങും പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 6000 നിയമലംഘകരെയാണ് പിടികൂടിയതെന്ന് താമസകുടിയേറ്റ വകുപ്പ് അറിയിച്ചു.
ടുവേഡ്‌സ് എ സേവർ സൊസൈറ്റി എന്ന പേരിൽ 270 പരിശോധന കാമ്പെയിനുകളാണ് ഇക്കാലയളവിനിടെ അധികൃതർ നടത്തിയത്. പിടികൂടിയവരിൽ 93 ശതമാനം ആളുകളെയും നാടുകടത്തുമെന്നും ഇവർക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിലും പരിശോധനാ കാമ്പെയ്‌നുകൾ തുടരും, ഇത്തരം ലംഘനങ്ങളെയോ, നിയമലംഘകരേയോ നിസ്സാരമായി കാണരുതെന്നും പൊതുജനങ്ങളോട് നിർദേശിക്കുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട് സെക്യൂരിറ്റി വിഭാഗം ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.
ഇത്തരക്കാർക്കു സഹായമെത്തിക്കുന്നവരെയും, ഇത്തരക്കാർക്ക് ജോലി ചെയ്യുന്നവരെയും പിടികൂടി പിഴയീടാക്കുമെന്നും, തടവ് ശിക്ഷ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിയമലംഘകരെ ജോലിക്ക് നിയമിച്ചാൽ 50,000 ദിർഹം പിഴയീടാക്കുക. നാലുമാസം നീണ്ടുനിന്ന പൊതുമാപ്പ് ഡിസംബർ 31-നാണ് അവസാനിച്ചത്. പൊതുമാപ്പ് കാലയളവിന് ശേഷം പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
What's Your Reaction?