അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ ആരോപണം
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് മരിച്ചത്.
ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി അനസ്തേഷ്യ നൽകിയതോടെയാണ് കുട്ടി ബോധരഹിതനായതെന്നാണ് വിവരം. തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ നൽകി വരികയായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ ചികിത്സാ പിഴവാണ് കുട്ടി ബോധരഹിതനാകാൻ കാരണമായതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ബന്ധുക്കൾ ഉന്നയിച്ചിട്ടുണ്ട്.
What's Your Reaction?